സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും 7


ധനുഷ്‌കോടി.... ബസ് ഇറങ്ങി ഞങ്ങൾ ചുറ്റും നോക്കി. അവിടെ ആരും ഇല്ലായിരുന്നു മറ്റു സന്ദർശകരായി... കാരണം ഞങ്ങൾ അവിടെ എത്തുന്നത് രാവിലെ 8 മണിക്കാണ്. ഓഫ്‌ സീസൺ ട്രിപ്പ്‌ കൂടെ ആയതുകൊണ്ട് പറയണ്ടല്ലോ...ആരും ഇല്ലാതെ ഞങ്ങൾക്ക് മാത്രമായി പോകുന്ന സ്ഥലം കിട്ടണം എന്നൊരു അതിമോഹമാണ് പലപ്പോഴും എനിക്ക്... എന്നാൽ ഇടക്ക് കിട്ടുന്ന അപരിചിതരുടെ സൗഹൃദങ്ങൾ യാത്രയിൽ കൂടുതൽ നിറം നൽകാറുമുണ്ട്. ഇപ്പോൾ ഞങ്ങൾ കാണുന്ന കാഴ്ച ഒരു വീതികൂടിയ നല്ല അടിപൊളി ഒരു റോഡ് വളവും പുളവും ഇല്ലാതെ നേരെ പോയിരിക്കുന്നു. രണ്ട് സൈഡും കല്ലുകൊണ്ട്  കയ്യാല പോലെ കെട്ടിയിട്ടുണ്ട്. അതിന്റെ അപ്പുറം ഒരു 150-200 മീറ്റർ ദൂരം അസ്സൽ വെള്ള നിറമുള്ള മണൽ... അതും കഴിഞ്ഞാൽ നീല കടൽ.

 കുറച്ചു മുൻപിലായി രണ്ട് സൈഡിലും ഓലകൊണ്ട് കെട്ടിയ ചെറിയ കുടിലുകൾ കാണാം. അത് കട with വീട് എന്ന concept ആയിരുന്നു. ഇടതു വശത്തു ആദ്യം കണ്ട കടയിൽ കയറി. ഞങ്ങളിൽ ഭൂരിപക്ഷം ഇടതിനാണല്ലോ... അവിടെ നമ്മടെ ധനുഷിന്റെ സൈസിൽ ഒരു അണ്ണനും അയാളുടെ ഫാമിലിയും  ആണ് ഉള്ളത്. ആളുകൾ വരാത്തതിനാൽ ആണോ ആവോ അവിടെ അവർ ഉറക്കം എണീറ്റ കോലത്തിൽ ആയിരുന്നു. തറ ചവിട്ടി ഉറക്കുക പോലും ചെയ്യാത്ത മണലായിരുന്നു. കൈ കഴുകി ഇരുന്നു. കഴിക്കാതെ ഒരടി പോവൂല്ല. കഴിഞ്ഞ ഏതോ ഒരു ദിവസ്സം ആ റോഡ് കുറെ ചെല്ലുമ്പോൾ റോഡിനു വിള്ളൽ വന്നു. അത്‌ ശരിയാക്കാൻ വേണ്ടി ഇപ്പോൾ രാമ സേതു എത്തുന്നതിനു ഒരു 5 കിലോമീറ്റർ മുൻപ് വച്ച് ബസ് അടക്കം എല്ലാ വാഹനങ്ങളും തടയും. ആ പോയിന്റിൽ ഒരു പക്ഷെ ഇപ്പോൾ ഈ കടകൾ പണിതതും ആവാം. എന്തായാലും  വൈകുന്നേരം 5 കഴിഞ്ഞാൽ ആർമി ആണ് ഇവിടം കണ്ട്രോൾ ചെയ്യുന്നത്. അവിടെ ചുടാൻ ഉള്ള ദോശ മാവ് ഇരിക്കുന്നുണ്ട്. അണ്ണന്റെ ഭാര്യ ആണ് അടുപ്പ് കത്തിച്ചു കല്ല് ചൂടാക്കുന്നത്. കണ്ടാൽ ആ ചേച്ചിയുടെ അനിയത്തി ആണെന്ന് തോന്നുന്ന വേറൊരു ചേച്ചി പത്രങ്ങൾ കൊണ്ടുവന്നു. ദോശക്കു കാത്തിരിക്കുമ്പോൾ അണ്ണന്റെ ചോദ്യം... ഫ്രഷ് മീൻ ഉണ്ട്... പൊരിച്ചെടുക്കട്ടെ... 150 ആണ് വില. വലിയ മീൻ ആണ്. നല്ല വിശപ്പുണ്ട്. 5.30 ക്ക് എണീറ്റതല്ലേ... ഞങ്ങൾ ഒക്കെ പറഞ്ഞു.അവിടെ രണ്ട് മൂന്നു കുട്ടികൾ ഉണ്ടായിരുന്നു. അവിടെ പണികൾക്കിടയിൽ അവർ ഓടി കളിച്ചു നടക്കുകയാണ്. ഞങ്ങളെ അവർ ശ്രദ്ധിക്കുന്നില്ലട്ടോ. അവർ അവരുടെ ലോകത്താണ്. പണിക്കു തടസം ആയപ്പോൾ അണ്ണൻ അവരെ അകത്തേക്ക് ഒടിച്ചു. Tv, സ്മാർട്ഫോൺ അങ്ങനെ ഒന്നും ഇല്ല അവർക്ക്. ആകെ ഉള്ളത് റേഡിയോ ആണ്. സ്കൂൾ വിട്ട് വരുമ്പോൾ കാർട്ടൂൺ വച്ച് ഫുഡ്‌ ന് wait ചെയ്യുന്ന കുട്ടികാലം ഓർത്തപ്പോൾ ഞാൻ എത്രയോ ഭാഗ്യവാനാണെന്നു തോന്നിപ്പോയി. ഒരു പക്ഷെ ഇവിടെ ഉള്ള മിക്കവാറും കുട്ടികളും പഠിക്കാനോ ജോലിക്കോ വേണ്ടി ഈ നാട് വിട്ടാൽ ആണ് പുറം ലോകത്തിലെ വിശേഷങ്ങൾ അറിയാൻ വഴിയുള്ളു. പക്ഷെ  ഇവിടെ അവർ അനുഭവിക്കുന്ന പലതും അവരുടെ മാത്രം ഭാഗ്യം ആണ് എന്ന് പിന്നീട് തോന്നി. വയറു നിറച്ചു ദോശയും ചമ്മന്തിയും സാമ്പാറും  ഒപ്പം അടിപൊളി മീൻ ഫ്രൈ കൂടെ കഴിച്ചു തത്കാലം അണ്ണനോടും കുടുംബത്തോടും വിട പറഞ്ഞു. ഉച്ചക്കും അവിടെ തന്നെ പോവണം എന്ന് ഉറപ്പിച്ചിരുന്നു. ദോശ ആയതുകൊണ്ട് വെള്ളം കുറച്ചു അധികം മേടിക്കാൻ തീരുമാനിച്ചു. നടക്കാൻ കിലോമീറ്റർസ് ഉണ്ടല്ലോ. കഴിഞ്ഞ ദിവസത്തെ ഫൂട് ട്രാക്ക് 18.3 കിലോമീറ്റർ ആയിരുന്നു. ഇന്നത് തകർക്കും... വെള്ളം കിട്ടണ കട അണ്ണൻ തന്നെ പറഞ്ഞു തന്നു. അതും same ഓല സെറ്റപ്പ് കുടിൽ ആണ്. അതിൽ കേറിയപ്പോൾ ബാറ്ററിയിൽ ഓടണ റേഡിയോയിൽ ഏതോ പരിപാടി കേൾക്കാമായിരുന്നു. കൂടാതെ ഒരു പഴയ മോഡൽ പിക്ചർ ട്യൂബ് ടൈപ്പ് tv ഉണ്ടായിരുന്നു. ഡിഷ്‌, ആന്റിന ഒന്നും പുറത്ത് കണ്ടതായി ഓർക്കണില്ല. ഒരു രണ്ട് ലിറ്റർ വെള്ളക്കുപ്പി വാങ്ങി. ഈ സമയം കൊണ്ട് കുറച്ചു ആളുകൾ അവിടെ എത്തിയിരുന്നു. എല്ലാവരും നടക്കുകയാണ് റോഡ് അവസാനിക്കുന്ന ആ പോയിന്റ് ലേക്ക്. റോഡിൽ ഇരുന്നും കിടന്നും വരെ കുറെ ഫോട്ടോ എടുത്താണ് പോക്ക്. ഈ നടത്തം ആയിരുന്നു ഏറ്റവും പണി. രണ്ട് ദിവസത്തെ ക്ഷീണവും ഫുൾ ലഗേജും കൊണ്ടാണ് നടത്തം. മഴ ഇവിടേക്കും പെയ്തിട്ടുണ്ട്. അതിന്റെ തണുപ്പ് ഉണ്ട്. റോഡും മണലും എല്ലാം നനഞ്ഞിരിക്കുന്നു. ഞങ്ങളുടെ ഇടതു വശത്തായി കര കഴിഞ്ഞു വരുന്ന കടലിന്റെ നടുക്കിലൂടെ ഒരു നീണ്ട തുരുത് പോലെ റോഡിനു സമാന്തരമായി ഒരു മണൽ തിട്ടു കാണാം. പഴയ പാലം പോയിരുന്നത് ആ വഴി ആയിരിക്കും. പയ്യെ റോഡിൽ ഒരു തിരക്ക് വന്നു. ഒരു ട്രവല്ലെർ വന്നതിന്റെ ആയിരുന്നു. പാലക്കാട്‌ ഉള്ളവരാണ്. ഞങ്ങടെ ഒക്കെ അമ്മയുടെ പ്രായം വരുന്ന ഒരു ചേച്ചി ഞങ്ങളോട് സംസാരിക്കാൻ വന്നു. ആളുകൾ ചെറു ചെറു കൂട്ടമായി പോവുമ്പോൾ അവർ ഒറ്റയ്ക്ക് ആണ് നടപ്പ്. ഞങ്ങൾ എവിടെ നിന്നാണ് വരുന്നത് എന്നൊക്കെ ചോദിച്ചു. പിന്നെ ഏകാന്തമായി അവർ നടന്നകന്നു. ഞങ്ങൾ വളരെ പതുക്കെ ആവോളം കാഴ്ചകൾ കണ്ടാണ് പോക്ക്. നമ്മുടെ ധനുഷ് അണ്ണന്റെ കടയുടെ അടുത്ത് കുറെ കെട്ടിടങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം കല്ലും സിമെന്റും വച്ച് പണിതതാണ്.പക്ഷെ ഒന്നിലും ആരും താമസിക്കുന്നില്ല... അതിനൊന്നും മേൽക്കൂരയും ഇല്ല !!!കുറെ വർഷങ്ങൾക്ക് മുൻപ് പാമ്പൻ പാലം അടക്കം ഒത്തിരി നഷ്ട്ടം വരുത്തിയ പ്രകൃതി ക്ഷോഭത്തിൽ തകർന്നു പോയ ഒരു ചെറു നഗരത്തിന്റെ ശേഷിപ്പുകളാണ് അത്. അതിൽ പോസ്റ്റ്‌ ഓഫീസ് ന്റെ കെട്ടിടവും ഉണ്ട്. ഒരു പള്ളിയുണ്ട്. അങ്ങനെ പലതും. പക്ഷെ അത്‌ അവസാനം കാണാം, ഇപ്പോൾ ഈ റോഡിന്റെ അറ്റം കാണണം. വല്ലാത്ത ഒരു സന്തോഷത്തിൽ ആണ് എല്ലാവരും. ആകാശം നീല നിറത്തിൽ കുറച്ചു വെള്ള മേഘങ്ങളും കുറേ കാര്മേഘങ്ങളും വിരിച്ചു നിൽക്കുന്നുണ്ട്. മഴ പെയ്യല്ലേ... പെയ്തു തുടങ്ങിയാൽ കയറി നിക്കാൻ ഒന്നും ഇല്ല. കടലിന്റെ നടുക്കിലൂടെ കടന്ന് പോകുന്ന ഒരു റോഡിൽ അല്ലേ നില്കുന്നത്. നടത്തം തുടരുമ്പോൾ പുറകിൽ വന്നിരുന്ന ഒരു നിര ആളുകളെ കണ്ടു. അതൊരു കൂട്ടം പെൺകുട്ടികൾ ആണ്.തൊട്ടടുത്തു എത്തിയപ്പോൾ ആണ് അവരെ ശ്രദ്ധിച്ചത്. ഞങ്ങൾ പതുക്കെ പോകുകയായിരുന്നതിനാൽ അവർ വേഗം ഞങ്ങളുടെ ഒപ്പം ആയി നടത്തം. ഞാൻ ഏറ്റവും ഇടതു വശത്തായാണ് നടത്തം. ഞങ്ങളുടെ ഇടത് വശത്തു കൂടെ ആണ് അവർ  പോകുന്നത്. സതീശൻ വലതു ഭാഗത്താണ്. നടുക്ക് ഉണ്ണിയും. അവർ കടന്ന് പോകുന്നത് വരെ ഞങ്ങൾ കുറച്ചു നിശബ്ദരായി. അവരും കലപില കുറച്ചു. ഇതൊരു കോമൺ സംഭവം ആണല്ലോ എന്നോർത്ത് പോയപ്പോൾ അതിൽ ഒരാൾ ഞങ്ങളെ നോക്കുന്നത് കണ്ടു. ശ്ശേ... ആരെയാണോ ആവോ... അവർ വേഗം ഞങ്ങളെ മറികടന്നു പോയി. പിന്നെയും ഒരു തിരിഞ്ഞു നോട്ടം കൂടെ കിട്ടിയപ്പോൾ എന്റെ നേരെ ആണെന്ന് മനസ്സിലായി. ഇത് കണ്ടിട്ട് പൊട്ടിയ ലഡ്ഡു ഒക്കെ കളയാൻ രണ്ടേ രണ്ട് കാര്യങ്ങളെ ചിന്തിക്കേണ്ടി വന്നോളു. ഒന്ന് ക്ഷീണിച്ചു തളർന്നു ഇരിക്കുന്ന രാവിലെ സെൽഫി എടുത്തപ്പോൾ കണ്ട എന്റെ മോന്തയും രണ്ട് ചീപ്പ് എടുക്കാതെ കൈ കൊണ്ട് ഒതുക്കി ബാക്കി ബസിൽ ഇരുന്ന് കാറ്റ് പിടിച്ച തലമുടിയും. ചിലപ്പോൾ വിചിത്ര ജീവി ആയി തോന്നിയിട്ടുണ്ടാവും.അതും ചിന്തിച്ചു പോയാൽ ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന ഈ സമയം പാഴാകുവാനെ  വഴിയൊരുക്കു എന്ന് ചിന്തിച്ചു മുന്നോട്ട് പോയി. ഇടതു വശത്തു ആദ്യം പറഞ്ഞ ആ തുരുത് എന്നെ വല്ലാതെ മോഹിപ്പിച്ചു. നോക്കിയപ്പോൾ അവിടെ ഉള്ള രണ്ട് ചേട്ടന്മാർ കടലിലൂടെ നടന്നു തുരുത്തിലേക്കു പോകുന്നു. അപ്പോൾ മനസ്സിലായി വെള്ളത്തിനു ഒത്തിരി ആഴം ഇല്ല അവിടെ. മുട്ടിനു മാത്രമേ വെള്ളം ഉള്ളു. മാത്രമല്ല അവിടെ ഒരു ചെറിയ തോന്നി കിടക്കുന്നുണ്ട്. പച്ചയും നീലയും ചുവപ്പും പെയിന്റ് അടിച്ചു നല്ല ലുക്ക്‌ ആണ്. "മൊതലാളീ ചങ്ക ചക ചക... "ഈ ക്യാപ്ഷൻ വക്കാൻ പാകത്തിന് ഒരു ഫോട്ടോ പിടിക്കണം. ഞങ്ങൾ പതുക്കെ കല്ല് കൊണ്ട് കെട്ടിയ ആ മതിൽ മറികടന്നു തീരത്തേക്ക് നടന്നു. കുറേ ദൂരം വലിയ കരിങ്കല്ല് ഇട്ടിട്ടുണ്ട്. 

കാലൊന്നും ഇടയിൽ പോകാതെ പയ്യെ ഇറങ്ങി. ബാഗ് വലുതെല്ലാം കല്ലിൽ വച്ചിട്ട് ഞങ്ങൾ വെള്ളത്തിൽ കാലു നനയ്ക്കാൻ പോയി. എന്റെ ചെറിയ ബാഗ് ആയതുകൊണ്ട് അത് തോളത്തു തന്നെ ഉണ്ടായിരുന്നു. അവിടെ ആകെപ്പാടെ കണ്ട ഒരു ചെടിയുണ്ട്. പേരൊന്നും അറിയില്ല. നല്ല രസമാണ് കാണാൻ. ഈ ആഫ്രിക്കൻ സ്ത്രീകൾ മുടി പിന്നി ഇടുന്ന പോലെ ഷേപ്പ് ഉള്ളതാണ് ഇലകൾ. ആഞ്ഞിലിത്തിരി പോലെയും തോന്നും. അതിന് കടയിൽ ഇളംപച്ച നിറവും അതുപിന്നെ ഓറഞ്ചിലേക്ക് ഫേയ്ഡ് ആയിരിക്കുന്നു. 

ചന്നം പിന്നം ഉണ്ട്. അപ്പുറം തുരുത്താണല്ലോ. അതുകൊണ്ട് കരയ്ക്കും തുരുത്തിനും ഇടയിൽ ഉള്ള വെള്ളം അനക്കമില്ലാതെ കിടക്കുകയാണ്. നോക്കിയാൽ ആകാശത്തിന്റെ പ്രതിഫലനം കാണാം. മൊത്തം വെളുത്ത മേഘങ്ങളാണ് ആ വശം. എത്ര ഫോട്ടോ എടുത്തു എന്ന് ഒരു പിടിയും ഇല്ല. പക്ഷെ ആ സൗന്ദര്യം ഒരു ക്യാമെറക്കും പൂർണമായി പകർത്താൻ കഴിഞ്ഞിട്ടില്ലായിരുന്നു. 

തുരുത്തിൽ പോവണം എന്ന് ഞാൻ കുറേ പറഞ്ഞു നോക്കി. പക്ഷെ അത് ആർമി നോക്കി നടത്തുന്ന സ്ഥലം കൂടെ ആയതുകൊണ്ടും പോകുന്ന ആ ഒഴുക്കില്ലാത്ത വെള്ളത്തിൽ വല്ല ജീവികളും ഉണ്ടോ എന്നും തോന്നിയത് കൊണ്ടും പരിപാടി ക്യാൻസൽ ചെയ്തു. നിരാശ തോന്നിപോയി. അവിടെ നിന്ന് പല നിറങ്ങൾ ഉള്ള ചെറിയ ശംഖിന്റെ പോലുള്ള ഷെൽ കിട്ടി. കുറച്ചു വാരി എടുത്തു കയ്യിൽ വച്ച് ഒരു ഫോട്ടോ ഞാൻ എടുത്തു. 

എന്നിട്ട് അവിടെ തന്നെ ഉപേക്ഷിച്ചു പോന്നു. അതിന് ഭംഗി വരുന്നത് ഇവിടെ വന്ന് അതിനെ കയ്യിൽ എടുക്കുമ്പോളാണ് എന്ന് തോന്നി. അവിടെ വന്ന ആരും ഈ സൈഡിൽ വന്നില്ലാ. എല്ലാവരും end കാണാൻ വേണ്ടി നടന്നു. ആദ്യം വന്ന ഞങ്ങൾ മാത്രമാണ് ഇപ്പോൾ അവിടെ ഉള്ളു. ബാക്കി എല്ലാരും അറ്റം എത്താറായി. അവിടെ നിന്ന്  ബാഗും എടുത്ത് റോഡിൽ കയറി നടന്നു. കുറച്ചു ചെന്നപ്പോൾ ഒരു വലിയ ടവർ കണ്ടു. മൊബൈൽ ഫോൺ ന്റെ ടവർ പോലെ ഉണ്ട്. അല്ലെങ്കിൽ ഇടിവെട്ട് പിടിക്കാൻ ഉള്ള ഐറ്റം. ഇത്രയും വൃത്തി ഉള്ള ബീച് കണ്ടപ്പോൾ മുടങ്ങി പോയ കുളി നടത്താൻ ഒരു മോഹം തോന്നി. പക്ഷെ അവിടെ നൂറു മീറ്റർ ഇടവിട്ടെന്നപോലെ വലിയ ബോർഡ്‌ വച്ചിട്ടുണ്ട് ഇവിടെ കുളിക്കാൻ അനുവാദമില്ല എന്ന്. 

അങ്ങനൊരു ബോർഡ്‌ കണ്ടാൽ ഒഴിഞ്ഞു മാറുന്ന പരിപാടി ഇല്ലായിരുന്നു എങ്കിലും ആ കാരണം പറഞ്ഞ് അതും ക്യാൻസൽ ചെയ്തു. പകരം മഴ വന്നു. പാഞ്ഞു പോയവരൊക്കെ ദേ നൂറേ നൂറിൽ തിരിച്ചു വരുന്നു. പലരും അങ്ങ് പോയി തിരിച്ചു വന്നപ്പോളാണ് മഴ കിട്ടിയത്. അതുകൊണ്ട് അവർ അധികം നനയാതെ വണ്ടിയിൽ കയറാൻ പോകുന്നതാണ്. ഞങ്ങൾ കണ്ടിട്ട് പോലുമില്ല. എന്ത് വന്നാലും കണ്ടിട്ടേ വരൂ. പക്ഷെ മഴ ചെറുതായി ചാറുന്നെ ഉള്ളു. ഞങ്ങൾക്ക് അത് മഴ അല്ല. അതുകൊണ്ട് ഹാപ്പി ആയിട്ടു പോയി ഒരുപാട് പേർ തിരിച്ചു പോകുന്നുണ്ടായിരുന്നു. കുറച്ചു മടുത്തപ്പോൾ വലതു വശത്തു ഉള്ള കടലിന്റെ അടുത്തേക്ക് പോയി കുറേ ഫോട്ടോ എടുത്തു. ചില ഫോട്ടോസ് ഞാൻ സതീശൻ ഉദ്ദേശിച്ചപോലെ തന്നെ എടുത്തു എന്നത് അഭിമാനകരമായിരുന്നു. എന്നാൽ സമനാർ ഹിൽസ് കണ്ടു മടങ്ങുമ്പോൾ തന്ന ക്ലാസ്സ്‌ പാഴായെന്നു മറ്റു ചില ഫ്രെയിം തെളിയിച്ചത് അപമാനകാരവും. എങ്കിലും അവൻ വീണ്ടും അതെല്ലാം പറഞ്ഞ് തന്നൂട്ടോ. ഉദാഹരണസഹിതം കിട്ടിയ ആ ക്ലാസ്സ്‌ കുറേ കൂടെ സഹായകരമായി.

 പിന്നെയും നടത്തം തുടർന്നു. ഞങ്ങൾക്ക് കാണാം റോഡിന്റെ അറ്റം. അവിടെ അവസാനിക്കുന്ന എൻഡിൽ ഒരു സ്തൂപം പണിതിട്ടുണ്ട്. റോഡ് അതിനെ ചുറ്റി ഒരു u ടേൺ അടിച്ചാണ് നിൽക്കുന്നത്. 

മഴ പയ്യെ കുറഞ്ഞു തീരെ ഇല്ലാതായി തുടങ്ങി. പക്ഷെ ഒരു കുഞ്ഞുപോലുമില്ലാതെ ആ spot ഞങ്ങൾക്കായി റിസേർവ്ഡ് ആയിരുന്നു... 

തുടരും... 

Part 8:

http://thatlazymonk.blogspot.com/2020/04/8.html

Comments

Popular posts from this blog

സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും 4

സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും 3

സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും