സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും 3



   നായ്ക്കർ മഹൽ എന്ത് കാഴ്ചകളാണ് തരാൻ പോവുന്നത് എന്ന് ചിന്തിക്കാൻ കഴിഞ്ഞിരുന്നില്ല.... കാരണം വെയിലും കൊണ്ട് പോവുന്നത് കറക്റ്റ് വഴി ആണോന്ന് പോലും അറിയാതെയാണ് പോക്ക്. ഗൂഗിൾ ദേവി തന്ന പല പണികളും സംശയം കൂട്ടുന്നുണ്ടായിരുന്നു. ഇടയ്ക്കു വച്ചു തിരക്കിൽ പെട്ട് ഉണ്ണിയെ കുറച്ചു സമയം കാണാതെയായി. ഞങ്ങൾ ഒരു സൈഡിൽ അവനെ കാത്തു നിന്നു. അവൻ കാഴ്ചകൾ കണ്ട് സ്ലോ മോഷനിൽ നടന്നു വരുന്നുണ്ട്. അങ്ങനെ സ്ഥലം എത്തി. പക്ഷെ 1.30കഴിയണം പാസ്സ് കിട്ടാൻ. പുറത്ത് എന്തോ പാർക്ക്‌ പണിയാനുള്ള പണികൾ നടക്കുന്നുണ്ട്. അവിടെ ഒത്തിരി പഴക്കമുള്ള മരങ്ങളും ഉണ്ട്. മഹലിന്റ മതിലിനു തന്നെ നല്ല ഉയരം ഉണ്ട്. ഉണ്ണി ഒരു അടിപൊളി ഫ്രെയിം സെറ്റ് ചെയ്തു എന്നെ നിർത്തി കുറച്ചു pics എടുത്തു. കൂട്ടത്തിൽ ഞാൻ മാത്രമേ ഫോട്ടോസ് എടുക്കാൻ സ്‌കിൽസ് ഇല്ലാത്തവൻ. എന്നാലും രണ്ടുപേരുടെ കൂടെ കൂടി ഞാൻ കുറച്ചൊക്കെ പഠിച്ചു തുടങ്ങി. പയ്യെ ഒരു മരത്തിന്റെ ചുവട്ടിൽ ഇരിപ്പായി എല്ലാരും. ഇപ്പോൾ സംസാരങ്ങൾ ഒന്നും ഇല്ല. ഇത് കഴിഞ്ഞു എങ്ങോട്ട് എന്ന ചോദ്യത്തിന് ഈ സ്ഥലം കണ്ടു കഴിഞ്ഞാലേ പ്രസക്തി ഒള്ളു എന്നതിനാൽ മൊത്തത്തിൽ ഫ്രീ ആണ്. ഞാൻ ആ സമയത്ത് ഉണ്ണീടെ ഗിമ്പൽ എടുത്ത് എന്റെ ഫോൺ അതിൽ സെറ്റ് ചെയ്തു ചുമ്മാ ഒരു വീഡിയോ പിടിച്ചു. സംഗതി കൊള്ളാം... കൈകളുടെ അനക്കവും നടത്തവും ഒന്നും വീഡിയോക്ക് പ്രശ്നം ഉണ്ടാക്കാതെ അവൻ നോക്കിക്കൊള്ളും. ഉച്ചക്ക് ഫുഡ് അമ്പലത്തിൽ നിന്ന് കിട്ടിയിട്ടും നടത്തത്തിൽ നഷ്ട്ടം വന്ന വെള്ളവും എനർജിയും വീണ്ടെടുക്കാൻ ഒരു സോഡാ സർബത്തും കടല മിട്ടായിയും കഴിച്ചിരുന്നു. പാസ്സ് എടുത്ത് ഞങ്ങൾ അകത്തു കയറി. ഭംഗിയുള്ള കാഴ്ചകൾ ആയിരുന്നു. ഒത്തിരി ഉയർന്ന തൂണുകളും ഗോപുരങ്ങളും കോട്ട വാതിലിന്റെ വലിപ്പം ഉള്ള ജാലകങ്ങൾ... ഒരു നാലുകെട്ടിന്റെ സിസ്റ്റം അവിടെ കാണാൻ കഴിയും. നടുക്ക് ഒരു ചെറിയ ഗ്രൗണ്ട് പോലെ സമചതുരത്തിൽ ഒരു ഏരിയ ഉണ്ട്. അതിനു ചുറ്റും വരാന്ത പോലെയാണ് സംഗതി. ഉണ്ണി ഗിമ്പൽ സെറ്റ് ചെയ്തു കുറച്ചു വീഡിയോസ് പകർത്തി. സതീശൻ ക്യാമറ ഓൺ ചെയ്ത് കാഴ്ചകൾ ഒപ്പിയെടുത്തു തുടങ്ങി. സതീശന് ഒരു ഒബ്ജക്റ്റ് ആവലാണ് എന്റെ പണി. പിന്നെ അവിടെ നിന്ന് ചറപറാ കുറെ സെൽഫി എടുത്തു.കാഴ്ചളുടെ പുതുമ ഒന്ന് താഴ്ന്നപ്പോൾ ക്ഷീണം പതിയെ എന്നെ തേടി വന്നു. ഇപ്പോൾ തന്നെ ഒത്തിരി നടന്നതിന്റെയും പിന്നെ വെയിൽ കൊണ്ടതിന്റെയും ഒക്കെ ആവും. എന്തായാലും അവിടെ ഇരിക്കാൻ കുറെ ചെയർ ഇട്ടിരുന്നു. ഞങ്ങൾ അവിടെ പോയി ഇരുന്നു. വിശ്രമിക്കാൻ ആവും എന്നാണ് ആ സെറ്റപ്പ് കണ്ടപ്പോ കരുതിയത്. എന്നാൽ ആ ചെയർ നടുമുറ്റത്തെ ഗ്രൗണ്ട് നെ ഫേസ് ചെയ്താണ് ഇട്ടിരുന്നത്. അവിടെ സന്ധ്യ കഴിയുമ്പോൾ സംഗീത -നൃത്ത പരിപാടികൾ ഉണ്ടെന്ന് പിന്നീട് സതീശൻ പറഞ്ഞാണ് അറിഞ്ഞത്. പക്ഷെ അതൊരു നഷ്ടമായി ഞങ്ങൾക്ക് തോന്നിട്ടില്ല ഇതുവരെ. കാരണം വഴിയേ പറയാം. രാവിലെ നല്ല ഒരു spot ആസ്വദിച്ചു കണ്ടു, നടന്നപ്പോൾ വെയിൽ കൊണ്ടെങ്കിലും മഹൽ നല്ല തണുപ്പിലായിരുന്നു. ഇനി വൈകുന്നേരം പോവാൻ പറ്റിയ സ്ഥലം നോക്കണം. പിന്നേം ഗൂഗിൾ ശരണം. അവസാനം രണ്ട് പ്ലാൻ ആണ് തെളിഞ്ഞത്. ഒന്നുകിൽ ഇന്ന് വൈകുന്നേരം തന്നെ രാമേശ്വരം പോകുന്ന ട്രെയിൻ പിടിക്കണം,  ഈ രാത്രി രാമേശ്വരത്തു ഉറങ്ങി രാവിലെ ഫ്രഷ് ആയിട്ടു രാമേശ്വരം കാണാം. അല്ലെങ്കിൽ ഏതെങ്കിലും ഒരു അടിപൊളി spot കൂടെ കവർ ചെയ്ത് ഇന്ന് മധുരയിൽ തങ്ങി നാളെ രാവിലത്തെ ഫസ്റ്റ് ട്രെയിനിൽ രാമേശ്വരം എത്തണം. അപ്പോൾ അടുത്ത ഒരു പ്രശ്നം രാമേശ്വരത്തു താമസിക്കാൻ ബഡ്ജറ്റിൽ നിക്കുന്ന ലോഡ്ജ് കിട്ടുമോ എന്നതാണ്. Oyo നോക്കിയപ്പോൾ എല്ലാം കൂടിയ ഹോട്ടൽ ആണ്. ഇനി രാത്രി പോയി പെടേണ്ട എന്ന് കരുതി ഈ രാത്രി മധുരയിൽ തന്നെ എന്നുറപ്പിച്ചു. അങ്ങനെ മധുരയിൽ ഒരു സായാഹ്നം പങ്കിടാൻ അടുത്ത സ്ഥലം... സമനാർ ഹിൽസ്. ഒരു വലിയ മൊട്ട കുന്ന് എന്ന് പറയാം. ഫുൾ പാറയാണ്. പുല്ലുപോലും കണ്ടില്ല ഗൂഗിൾ ഫോട്ടോയിൽ. അതിന്റ ചുവട്ടിൽ ഒരു ചെറിയ ക്ഷേത്രം ഉണ്ട്. പക്ഷെ മധുരപട്ടണത്തിൽ നിന്ന് കുറച്ചു മാറി ഒരു ഗ്രാമത്തിൽ ആണ് സ്ഥലം. Ola, uber ഒക്കെ നോക്കി എത്താം എന്ന് ഉറപ്പിച്ചു അവിടെ നിന്ന് റൂമിലേക്ക്‌ നടന്നു. റൂമും മധുര മീനാക്ഷി ക്ഷേത്രവും ഒരിടത്തു തന്നെ. നടന്നു വയ്യാണ്ടായി. എത്താറായപ്പോൾ മുള്ളൻവെള്ളിരി നീളത്തിൽ കീറി മുളകും ഉപ്പും ഇട്ട് വിൽക്കാൻ വച്ചിട്ടുണ്ട്. അത് രണ്ടെണ്ണം വാങ്ങി കഴിച്ചു. ഒരു ചെറിയ തണുപ്പു കിട്ടി. ചെരുപ്പ് വാങ്ങാതെ ഇനി എങ്ങോട്ടും ഇല്ല എന്നുറപ്പിച്ചു. സതീശൻ റൂമിനു നേരെ നീങ്ങി. ഞാനും ഉണ്ണിയും കൂടെ atm പോയി കുറച്ചു പൈസ എടുത്തു. പിന്നെ ഒരു ചെരുപ്പ് കടയിൽ കയറി. അവിടെ ഒത്തിരി ചെരുപ്പ് കടകൾ ഉണ്ടായിരുന്നു. പൊങ്കൽ പോലെ എന്തോ ഒരു ഫെസ്റ്റിവൽ കഴിഞ്ഞതിന്റെ ബാക്കി സ്റ്റോക്ക് ആണ് എല്ലായിടത്തും. പിന്നെയും ഒരു തോന്നൽ... crocz നോക്കാം. പിന്നേം വിലക്ക് ഒക്കില്ല. ഈ വിലക്ക് ഞാൻ ഇത് കൊച്ചിയിൽ നിന്ന് വാങ്ങിച്ചോളാം എന്ന് മനസ്സിൽ പറഞ്ഞു അടുത്ത കട പിടിച്ചു. വില വല്യ മാറ്റമില്ല... എന്നാ ഇനി സ്ലിപ്പർ ശരണം. അത്യാവശ്യം ലാസ്റ്റ് ചെയ്യുന്ന ഒരു ഡിസൈൻ നോക്കി എടുത്തു... വില 160 പറഞ്ഞു. കടക്കുപുറത്തു എന്നെ കാത്തുനിക്കുന്ന ഉണ്ണിക്കുട്ടനെ അകത്തേക്ക് വിളിച്ചു... സ്ലോ മോഷനിൽ ഉള്ള അവന്റെ വരവിനു ഒരു ഹീറോയിസം ഫീൽ ചെയ്യുന്നുണ്ടായിരുന്നു. ഡാ ഇതിന് 160 ആണ് പറയണേ... ഐറ്റം എങ്ങനെ ഉണ്ട്? കോതമംഗലത്തു ഒരു ചെരുപ്പ് കട സ്വന്തമായി തുടങ്ങാൻ സ്കെച്ച്ചും പ്ലാനും ഇട്ടിരിക്കുന്ന അവൻ 2 മിനിറ്റ് സംസാരിച്ച്‌ 120 ന് സെറ്റ് ആക്കി. ടീഷർട് നൈറ്റ്‌ നോക്കാം എന്നുറപ്പിച്ചു. റൂമിൽ എത്തി എല്ലാവരും ഡ്രസ്സ്‌ മാറി. ഉണ്ണി അപ്പോളും മുണ്ട് തന്നെ. ഞാനും സതീശനും ഷോർട്സും ടീഷർടും ഇട്ട് പക്കാ ടൂറിസ്റ്റ് ലുക്കിൽ ആയി. ഉണ്ണീടെ കയ്യിൽ മദ്ദളത്തിന്റെ മുക്കാൽ നീട്ടം വരുന്ന മദ്ദളത്തിന്റെ വട്ടം ഉള്ള സൈസിൽ ഒരു സ്പീക്കർ ഉണ്ട്. ഒരു 2 കിലോ ഭാരം വരും. അതിന്റെ ചുറ്റിലും ഗ്ലാസ്‌ ആണ് കവർ. ഉള്ളിൽ നിന്ന് പല കളർ ലൈറ്റ് പല പാറ്റേണിൽ dj പോലെ വരും. കൊള്ളാം... പൊളി സാനം... ഒരു സെൽഫി സ്റ്റിക്ക് വാങ്ങി വരാം എന്ന് വീമ്പു പറഞ്ഞ ഞാൻ ചെരുപ്പ് പോലും ഇല്ലാതെ വന്ന കാര്യം ഓർത്തപ്പോൾ എനിക്ക് എന്നോട് തന്നെ ഒരു പ്രത്യേകതരം ബഹുമാനം  തോന്നി പോയിരുന്നു.എങ്ങനെ ഏത് വഴി പോയാൽ അവിടെ എത്താം എന്ന് പറയാൻ ഗൂഗിളിന്റെ നിലവിലുള്ള ഡിഗ്രികൾ പോരാം എന്ന് മനസിലാക്കിയ സതീശൻ അവിടെ ലോഡ്‌ജിലെ ചേട്ടനോട് കാര്യങ്ങൾ ചോദിച്ചു അറിഞ്ഞു. ഒന്നുകിൽ ബസ്... അല്ലെങ്കിൽ ഷെയർ ഓട്ടോ... അല്ല ചേർ ഓട്ടോ... അവർ അങ്ങനാണ് പറയണേ. സമനാർ ഹിൽസ് ൽ ഒരു സൂര്യാസ്തമയം ആണ് ലക്ഷ്യം. അതുകൊണ്ട് ഒരു 4.30 - 5.00ന് അവിടെ എത്തണം. പക്ഷെ ബസ് എപ്പോളും ഇല്ല. ശെരിക്കും ബസ് ന് അതൊരു dead end ആണ്. അവിടെ നിന്ന് തിരിച്ചു വരികയും ചെയ്യും. ലാസ്റ്റ് സ്റ്റോപ്പ്‌... സമയം പ്രശ്നമായത് കൊണ്ട് ഞങ്ങൾ ഒരു ഓട്ടോ കാരനെ പറഞ്ഞു സെറ്റ് ആക്കി. അങ്ങനെ അഞ്ചു മണിക്ക് മുൻപ് അവിടെ എത്തി. ഒരു ശാന്തമായ ഗ്രാമം. കുന്നിനു താഴെയുള്ള അമ്പലത്തിനോട് ചേർന്ന് ഒരു വലിയ താമരക്കുളം ഉണ്ട്. ഞാനും സതീശനും കൂടെ കുറച്ചു pics അവിടെ നിന്ന് എടുത്തു. അല്പം ഫുഡ് ഇല്ലേൽ രാത്രി വരെ പിടിച്ചു നിൽക്കില്ലെന്ന ഉറപ്പുള്ളതിനാൽ സതീശനും ഉണ്ണിയും കുറച്ചു വെള്ളവും ലഖുഭക്ഷണങ്ങളും വാങ്ങി. പയ്യെ കുന്നുകയറാൻ തുടങ്ങി. അവിടെ സ്ഥിരം വരുന്ന കുരങ്ങന്മാരെ കണ്ടു. അമ്പലത്തിൽ നിന്ന് നല്ലപോലെ ഭക്ഷണം കിട്ടുന്നുണ്ട്. പിന്നെ വരുന്നവരുടെ വകയും. അതുകൊണ്ട് അവർ വളരെ ശാന്തരാണ്.അല്ലെങ്കിലും അവകാശങ്ങളും സ്വാതന്ത്രങ്ങളും നിഷേധിക്കപ്പെടുമ്പോളാണല്ലോ വിപ്ലവങ്ങൾ ഉണ്ടാകുന്നത്. സത്യത്തിൽ സതീശന്റെ ജീവിതത്തിൽ അവൻ നടത്തിയിട്ടുള്ള വിപ്ലവങ്ങൾ നല്ലൊരു രീതിയിൽ എന്റെ ചിന്തകളെയും നല്ല അർത്ഥത്തിൽ സ്വാധീനിച്ചിട്ടുണ്ട് എന്ന് പറയാം.അല്ലെങ്കിൽ ഇങ്ങനെ ഒരു തത്വ ചിന്ത അപ്പോൾ തലയിൽ വരില്ല.  ഞങ്ങൾക്ക് മുൻപ് രണ്ട് പ്രായമായ ചേട്ടന്മാർ കേറിപോകുന്നുണ്ടായിരുന്നു. ഞങ്ങൾ കയറുന്ന വേഗത കൂടുതലായതിനാൽ അവരെ കണ്ടുമുട്ടി. പരിചയപെട്ടു... അവിടെ അടുത്തുള്ളവർ ആണ്. എത്രയും വേഗം മുകളിൽ എത്തണം. വല്ലാത്തൊരാവേശം. എന്നാൽ ആ ആവേശം പയ്യെ എനിക്കും സതീശനും നഷ്ടപ്പെടാൻ തുടങ്ങി എന്നുവേണം പറയാൻ. കുറച്ചു ചെന്നപ്പോൾ പാറയിൽ ബുദ്ധന്റെ ശില്പം കൊത്തിയത് കണ്ടു. അതിന് താഴെ ചെറിയ ഒരു ഉറവ. പിന്നെ കണ്ട കാഴച്ചകൾ സൂര്യാസ്തമയത്തിന്റ കാര്യം മറന്നു പോവാൻ തന്നെ വഴി ഒരുക്കി. എന്നാൽ ഉണ്ണിക്കുട്ടൻ നേരെ മുകളിലേക്കു നീങ്ങുകയായിരുന്നു. അവൻ അസ്തമയത്തിന്റെ എല്ലാ ഭാവങ്ങളും കണ്ടു കയറിപ്പോയി. ഞങ്ങൾ രണ്ടും അവിടെ ഒരു ചെറിയ മരം കണ്ടു. മൊത്തം പാറ ആണെങ്കിലും അവിടെ കുറച്ചു ഭാഗം പരന്ന് മണ്ണുള്ളതായിരുന്നു. ചുറ്റിലും പുല്ലും ഉണ്ട്. അതിന്റെ ചുവട്ടിൽ കുറച്ചു നേരം ഇരുന്ന് pic എടുത്തു. പിന്നേം എന്തൊക്കെയോ കാഴ്ചകൾ... ഒന്നും വിവരിക്കാൻ പറ്റുന്നില്ല... താഴെ ചെറുതായി മധുര കിടക്കുന്ന ദൃശ്യം... വേഗവും തണുപ്പും കൂടി വരുന്ന കാറ്റും.... പെട്ടന്ന് സതീശന് അസ്തമയത്തിന്റെ കാര്യം ഓർമവന്നു. അവൻ ഒരൊറ്റ ഓട്ടത്തിന് ഉണ്ണീടെ അടുത്തെത്തി. അവൻ മുകളിൽ നിന്ന് എന്നെ നോക്കി. അവന്റെ പുറകിൽ സൂര്യന്റെ ചുവപ്പും മഞ്ഞയും കലർന്ന ആകാശം കാണാമായിരുന്നു. ഞാനും ഓടി മുകളിലേക്ക്. സൂര്യൻ പയ്യെ മേഘങ്ങളിൽ ഒളിക്കാൻ പ്ലാൻ ഇടുന്നുണ്ട്. പിന്നെയും കയറി പോകുംന്തോറും കാണുന്ന കാഴ്ചകൾ അസ്തമയം കാണണം എന്ന പ്ലാൻ തന്നെ മാറ്റി കളഞ്ഞു. ഞങ്ങൾ മുകളിൽ എത്താൻ നോക്കാതെ അവിടെ തന്നെ കുറെ സമയം ഫോട്ടോ എടുത്തും പാറകളുടെ മുകളിൽ കയറിയും നടന്നു. കുറച്ചു സമയത്തേക്ക് എല്ലാരും ശിശുക്കളെ പോലെ ആയിരുന്നു. ഉണ്ണി ആ വലിയ സ്പീക്കർ ൽ അടിപൊളി മെലഡി സോങ്‌സ് വച്ചാണ് നടപ്പ്. ഏകദേശം ഇരുട്ട് വീഴാൻ തുടങ്ങിയപ്പോൾ ഞങ്ങൾ മുകളിലെത്തി. അവിടെ ആദ്യം പറഞ്ഞ രണ്ട് ചേട്ടന്മാർ ഉണ്ടായിരുന്നു. ഒരു 60 ന്റെ അടുത്ത് പ്രായം വരും. രണ്ടുപേരും സംസാരിച്ചിരിക്കാൻ  വേണ്ടി കേറി വന്നതാണ്. വീട് താഴെ തന്നെ ആണ്. അവരുടെ കൂടെ കുറെ സംസാരിച്ചു. ഉണ്ണി  പഴയ തമിഴ് പാട്ടുകൾ ആണ് പിന്നെ വയ്ച്ചതു. കാറ്റിന് നല്ല തണുപ്പുണ്ട്. കയറിയപ്പോൾ ഉള്ള കിതപ്പും ചൂടും എല്ലാം പോയി. താഴെ മധുര അങ്ങനെ വിളക്കുകൾ തെളിയിച്ചു തുടങ്ങണ കാഴ്ചകൾ കണ്ടു മതിമറന്നിരുന്നു കുറച്ചുനേരം. തിരിച്ചു പോവാൻ ബസ് ആണ് ഒള്ളു. അതിന്റെ സമയം അവർ പറഞ്ഞു തന്നു. മഴ പെയ്യാൻ ഉള്ള ഒരുക്കങ്ങൾ മാനത്തു കാണാമായിരുന്നു. നനഞ്ഞാൽ പണി കിട്ടുന്ന ഒത്തിരി സാധനങ്ങൾ കയ്യിൽ ഉണ്ടായിരുന്നെങ്കിലും ആ മഴ പെയ്തിരുന്നെങ്കിൽ എന്ന് ഒരുപക്ഷെ ഞങ്ങൾ മൂന്നുപേരും ഓർത്തിട്ടുണ്ടാവും. എന്തിന് ആ രാത്രി അവിടെ കിടക്കാൻ പറ്റാത്തതിന്റെ നിരാശയിൽ ആയിരുന്നു മടക്കം എന്ന് പറഞ്ഞാൽ മതിയല്ലോ. ഒരു പക്ഷെ ഞങ്ങൾക്കൊരു കമ്പനി തരാൻ വേണ്ടി ആവണം അവരും ഞങ്ങടെ കൂടെ ഒരുമിച്ചാണ് ഇറങ്ങിയത്. മൊബൈൽ ഫ്ലാഷ് തെളിച്ചാണ് ഇറങ്ങിയത്. താഴെ വന്നപ്പോൾ ആ ചേട്ടന്മാരെയും ഒപ്പം നിർത്തി ഒരു ഫോട്ടോ എടുത്തു. അവിടെ നിന്ന് മടിച്ചു മടിച്ചാണ് പോന്നത്. അന്ന് ഞങ്ങൾ നായ്ക്കർ മഹലിൽ നൃത്ത സന്ധ്യ കാണാൻ നിന്നിരുന്നെങ്കിൽ മലകേറി പോയ ഉണ്ണീടെ അടുത്തേക്ക് ഓടിയ  സതീശന്റെ പുറകെ ഓടി ഞങ്ങൾ ഏകദേശം ആ കുന്നിന്റെ മുകളിൽ എത്തിയപ്പോൾ രണ്ടിന്റെയും മുഖത്ത് കത്തി നിക്കുന്ന 1000 വാട്ട് ബൾബ് ന്റെ പ്രകാശം എനിക്ക് കാണുവാൻ പറ്റില്ലായിരുന്നു. എന്റെ നെഞ്ചിൽ അന്നേരം തൃശൂർ പൂരം ആയിരുന്നു... ഇനിയൊരു  മധുര - യാത്ര ഉണ്ടെങ്കിൽ രാത്രികൾ സമനാർ ഹിൽസ് ന് സ്വന്തമെന്നു സതീശൻ പറഞ്ഞതിന് ആ മലയോളം തന്നെ  ഉറപ്പുണ്ടായിരുന്നു.
   തുടരും...

Part 4:

http://thatlazymonk.blogspot.com/2020/04/4.html


Comments

Popular posts from this blog

സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും 4

സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും