സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും 4


  സമനാർ ഹിൽസ് ൽ നിന്ന് ബസ് കേറിയപ്പോളേക്കും 8.30 ആയിരുന്നു. സതീശൻ എടുത്ത ഫോട്ടോസ് പലതും എടുത്ത് നോക്കുന്നുണ്ടായിരുന്നു. ഉണ്ണി ഞങ്ങടെ മുന്നിലെ സീറ്റിൽ ആയിരുന്നു. ചില ഫോട്ടോ എടുത്ത് അതിൽ ചെയ്യാവുന്ന മാറ്റങ്ങളും അങ്ങനെ ചെയ്താൽ വരുന്ന മാറ്റങ്ങളും അവൻ എനിക്ക് പറഞ്ഞു തന്നു. അടുത്ത തവണ റെഡി ആകണം എന്ന് മനസ്സിൽ ഉറപ്പിച്ചു. ഒരു പകലും രണ്ട് രാത്രിയും കഴിഞ്ഞു നടന്ന ഒരു സംഭവത്തിൽ നിന്ന് മനസ്സിലായി എനിക്കത് മൊത്തത്തിൽ മനസ്സിലായിട്ടില്ല എന്നത്. അത് വഴിയേ വരുന്നുണ്ട്. റൂമിൽ നിന്ന് കുറച്ചു ദൂരെ ആണ് ബസ് സ്റ്റാൻഡ്. അവിടെ നിന്ന് പിന്നേം നടക്കണം. നല്ല ബ്ലോക്ക്‌ ആയിരുന്നു. പക്ഷെ വൈറ്റിലയിൽ കണ്ട ബ്ലോക്ക്‌ തന്ന പോലത്തെ പേടി ഉണ്ടായിരുന്നില്ല. അപ്പോളാണ് സതീശൻ പറയുന്നത് ഇവിടെ ഉത്സവം നടക്കുമ്പോൾ ഒക്കെ വന്നാൽ ഉള്ള അവസ്ഥ. എന്നുവച്ചാൽ രാവിലെ പാർക്ക്‌ പോലെ ഓടിനടന്ന് കണ്ട അമ്പലത്തിൽ കാലുകുത്തണമെങ്കിൽ മണിക്കൂർ കണക്കിന് ക്യു നിക്കണം എന്ന്. വരുന്ന വഴി സൈഡിൽ കണ്ട തട്ടുകടയിൽ കണ്ട ചില പലഹാരങ്ങൾ വാങ്ങി കഴിച്ചു. 
മധുര സ്പെഷ്യൽ ആണ്. റൂമിൽ ഏതാണ്ട് എത്താറായപ്പോൾ ആണ് ഉണ്ണിക്ക് ഗ്യാസ്ന്റെ അസ്കിത. മരുന്ന് വാങ്ങി. ഒരു സോഡാ കുടിച്ചു. വല്യ മാറ്റം ഇല്ല. ഇനിയും നടക്കണം മുറിയിൽ എത്താൻ. നടന്നു ഒരു വഴി ആയിരുന്നു. കുളിച്ചു എല്ലാരും ഫ്രഷ് ആയപ്പൊളേക്കും വയറു കത്തി തുടങ്ങി. ഉണ്ണീടെ കാര്യം കഷ്ടത്തിലാണല്ലോ എന്നോർത്ത് ഇരിക്കുമ്പോൾ അവൻ വന്ന് പറയുവാ... വാ കഴിക്കാൻ പോവാം. ഗ്യാസ് കെട്ടി ബോഡി ഇങ്ങോട്ടൊരു പണി തരുമ്പോൾ വയറു നിറച്ചു ഫുഡ് കൊടുത്തു തിരിച്ചു അങ്ങോട്ടൊരു പണി കൊടുക്കണ്ടേ എന്ന്... ഒരു സാഹിത്യ ചിന്ത ആയിരുന്നില്ല അത്. ഈ ഒരു മെന്റാലിറ്റി തന്നെ പാതി പ്രശ്നങ്ങൾക്ക് പരിഹാരം ആണ്. ചെറിയ പ്രശ്നങ്ങളിൽ ശ്രദ്ധ കൊടുക്കില്ല. ഇത് എനിക്കൊരു സംഭവം ആയി തോന്നിയിരുന്നു. എന്നാൽ അവർ രണ്ടും ഒരേ മൈൻഡ് ആണ്. പുറത്തിറങ്ങി ഒരു കടയിൽ കയറി ഫുഡ് കഴിച്ചു. ഉണ്ണി വെജിറ്റേറിയൻ ആണ്... ആള് ക്ഷേത്രം ശാന്തിയാണല്ലോ. ഞങ്ങൾ രണ്ടും കടിച്ചാൽ തിരിച്ചു കടിക്കാത്ത എന്തും കഴിക്കും. ആ വിശപ്പിനു തിരിച്ചു കടിക്കണതും തിന്നും. കൊത്തുപൊറോട്ട ആണ് വാങ്ങിയത്. ഉണ്ണി അപ്പമോ ചപ്പാത്തിയോ ആണ് കഴിച്ചത്. പോരുന്ന വഴി എനിക്ക് ഒരു ടീഷർട് വാങ്ങി. റൂമിൽ എത്തി ഫസ്റ്റ് രാമേശ്വരം ട്രെയിൻ നോക്കി. രാവിലെ 7.30 ക്ക് പോവും. 10.30 ആവുമ്പോൾ എത്തും. അടുത്ത പ്രശ്നം താമസിക്കാൻ അവിടെ കുറഞ്ഞ റേറ്റ് ന് റൂം ഉണ്ടോ എന്നതാണ്. പലരെയും വിളിച്ചു ചോദിച്ചു. പല ബ്ലോഗ് നോക്കി. കിട്ടിയില്ല. പ്രശ്നം എന്താന്ന് വച്ചാൽ രാമേശ്വരം ഒരു ദിവസം കൊണ്ട് കണ്ടിട്ട് അന്നവിടെ താമസിച്ചു പിറ്റേന്ന് രാവിലെ ധനുഷ്‌കോടി പോവാൻ ആണ് പ്ലാൻ. എന്നാൽ രാമേശ്വരത്തു റൂം ഉദ്ദേശിച്ച പോലെ കിട്ടിയില്ലേൽ ഒരു ദിവസം കൊണ്ട് ഈ രണ്ട് സ്ഥലവും കവർ ചെയ്യണം. അപ്പോൾ ഒരു ദിവസം ബാക്കി ആവും. ആ സമയത്ത് രാമേശ്വത്തിനു ടൂറിസ്റ്റുകൾക്കിടയിൽ ഉള്ള സ്ഥാനവും അവിടെ വന്ന് പോവുന്ന ആളുകളുടെ എണ്ണവും എന്താണെന്നു പിടി ഇല്ല. ഒരു തീർത്ഥാടന കേന്ദ്രം ആണെന്ന് പോലും ചിന്തയിൽ വന്നില്ല എന്നുവേണം പറയാൻ. അവസാനം വരുന്നിടത്തു കാണാം എന്ന് ഉറപ്പിച്ചു കിടന്നു. സ്ഥിരം പതിവാണ് സമയത്തിന് കാര്യങ്ങൾ നടത്തുന്നതിൽ ഉള്ള പാളിച്ചകൾ. രാവിലെ ഇറങ്ങി റൂം ഒഴിഞ്ഞു ട്രെയിനിൽ കയറി. കഴിക്കൽ ഒഴിവാക്കേണ്ടി വന്നു . അടുത്ത ട്രെയിൻ രാമേശ്വരം എത്തുമ്പോൾ ഉച്ചയാവും. കുറച്ചു ബിസ്ക്കറ്റും വെള്ളവും വാങ്ങി കയ്യിൽ വച്ചു. ട്രെയിനിൽ നല്ല തിരക്കുണ്ട്. സീസൺ അല്ലാഞ്ഞിട്ടു ഇങ്ങനെ... ഞാനും സതീശനും ബെർത്തിൽ പെടച്ചു കയറി ഇരിപ്പായി. ഉണ്ണി കാഴ്ചകൾ കാണാൻ വാതിലിന്റെ അടുത്ത് നിന്നു. കുറച്ചു കഴിഞ്ഞു സതീശൻ ഒരു ബുക്ക്‌ എടുത്ത് വായന തുടങ്ങി. ഞാൻ കുറച്ചു നേരം ഫോണിൽ കുത്തി ഇരുന്നു. ഉണ്ണി ഇടയ്ക്കു വന്നു ഗിമ്പൽ എടുത്ത് പുറത്തെ കാഴ്ചകൾ ഫോണിൽ പകർത്തുന്നുണ്ട്. ഇവൻ അടുത്ത സന്തോഷ്‌ ജോർജ് കുളംകലക്കി ആവുന്നു തോന്നണു. കൈത്തണ്ടയുടെ വണ്ണമുള്ള സ്റ്റീൽ പൈപ്പ് നാലെണ്ണം അകലത്തിൽ വച്ചുള്ള ബെർത്തിൽ ആണ് ഞങ്ങൾ ഇരുന്നത്. ഇരുപ്പ് അത്ര സുഖമല്ലായിരുന്നു. ഞാൻ ബാഗിൽ ഇരുന്ന തുണികൾ എടുത്ത് മടക്കി ഇരിക്കാൻ സപ്പോർട്ട് വച്ചു. സതീശൻ ആ ഇരുപ്പിൽ സുഖമായിട്ടു വായന തുടർന്നു. ഞാൻ അതിൽ സംതൃപ്തനായിരുന്നില്ല. പയ്യെ ഇറങ്ങി ഉണ്ണീടെ അടുത്ത് പോയി. അവൻ വാതിലിന്റെ പടിയിൽ ഇരുന്ന് കാഴ്ച കാണുകയാണ്. ഞാനും കൂടെ ഇരുന്നു. ചില ചേരികൾ കണ്ടു. പിന്നെ ഒരു പ്രത്യേക തരം മരങ്ങൾ കണ്ടു. ചില പ്രേത സിനിമയിൽ കാണുന്ന ഒരാൾ പൊക്കം ഉള്ള പേടിപ്പെടുത്തുന്ന രീതിയിൽ ചില്ലകൾ ഉള്ള ഒരു മരം. കൃഷി ചെയ്തപോലെ നിരയിൽ ആണ് നിക്കണേ... ഇനി കൃഷി ആണോ എന്നും പിടിയില്ല. സാഹിത്യ കൃതികളും ചരിത്രവും ആയി ബന്ധപ്പെട്ട പുസ്തകങ്ങളും ഒത്തിരി വായിച്ചിട്ടുള്ള ഉണ്ണി പയ്യെ അതിനെ പറ്റി സംസാരിച്ചു തുടങ്ങി. സ്വതവേ ഈ വിഷയങ്ങളും ഇഷ്ടമാണെങ്കിലും വായിക്കാൻ സ്വതവേ മടിയാണ്. ഒരാൾ പറഞ്ഞു കേൾക്കാൻ വല്യ ഇഷ്ട്ടമാണ്. നരേഷൻ നടത്താൻ ഉണ്ണിക്കുട്ടൻ കേമനാണ്. ഒരു പ്രണയ നഷ്ടം വരുത്തിയ താളപ്പിഴകൾ വീണ്ടും ഓർമ്മിപ്പിക്കാൻ ആ സമയം കരണമാക്കിയോ എന്ന് ഞാൻ  സംശയിച്ചു. പക്ഷെ ഈ യാത്ര അവനെ ശാന്തനാക്കുന്നുണ്ട് എന്നാണ് എനിക്ക് മനസ്സിലായത്. ട്രിപ്പ്‌ പോകുന്നതിന് മുൻപ് വിളിച്ചപ്പോൾ അവൻ പറഞ്ഞു ഒരു പ്രേമം പോയി ഞാൻ തകർന്ന് നില്കുവാടാ എന്ന്... അന്ന് ആ പറച്ചിൽ കേട്ടപ്പോൾ വലിയ ദുഃഖത്തിൽ ആണെന്ന് തോന്നിയില്ല. നേരത്തെ പറഞ്ഞപോലെ ഇവര് എന്തിനെയും ചെറിയ ടോണിൽ ആണ് എക്സ്പ്രസ്സ്‌ ചെയ്യുക. ശ്രീകൃഷ്ണന് എന്തു 
  വിരഹദുഃഖം എന്നാണ് ചിന്തിച്ചത്. കോഫെറൻസ് വിളിയിലും ഈ സംസാരം വന്നപ്പോൾ സംഗതി കുറച്ചു സീരിയസ് ആണെന്ന് തോന്നി. പിന്നീടുള്ള വിളികളിൽ നിന്ന് വീട്ടിലെ പ്രശ്നങ്ങൾ കുറെ അറിഞ്ഞിരുന്നു. ട്രെയിനിൽ അവൻ പറഞ്ഞ ടോപ്പിക്കുകൾ കൂടെ കൂട്ടി  വായിച്ചപ്പോൾ ആണ് ഉണ്ണി കടന്ന് പോയത് ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത ദുഃഖങ്ങൾ താണ്ടിയാണെന്ന് അറിഞ്ഞത് . അന്നും എന്താണ് സംഭവിച്ചത് എന്നവൻ പറഞ്ഞിട്ടില്ല. അത് ചോദിക്കാൻ ആ സമയത്ത് എനിക്ക് കഴിഞ്ഞതുമില്ല. ഇതിവിടെ പറയുമ്പോൾ സമയത്തിന് ഒരു സമാധാനിപ്പിക്കാൻ ഉള്ള വാക്ക് പോലു പറയാത്ത തോൽവി ആണല്ലോ എന്ന കുറ്റസമ്മതം ആണെന്ന് അറിയാല്ലോ. പിന്നെയും കുറെ കഴിഞ്ഞുള്ള ഒരു യാത്രയിൽ ആണ് എല്ലാ കാര്യങ്ങളും അവൻ പറയുന്നത്.ശ്ശേ...  ഞാനെന്നാണോ ആവോ കൂട്ടുകാരോട് കടപ്പാട്  പറയുന്ന സ്വഭാവം മാറ്റാൻ പോകുന്നത്. സമയം പോയതറിഞ്ഞില്ല... തിരിഞ്ഞുനോക്കിയപ്പോൾ തിരക്ക് നന്നായി കുറഞ്ഞു. കുറച്ചു കഴിഞ്ഞ് സീറ്റ്‌ ഫ്രീയായി. ഞങ്ങൾ ഒന്നിച്ചു ഇരുന്നു യാത്ര  തുടങ്ങി. പയ്യെ കടലിന്റെ കാഴ്ചകൾ വന്നു തുടങ്ങി. ഞങ്ങളുടെ അടുത്തിരുന്ന ഒരു പ്രായമായ ചേട്ടനോട് ഞാൻ ചില കാര്യങ്ങൾ സംസാരിച്ചു. അങ്ങേരു പിന്നെ സംസാരം നിർത്താതെയായി. പണി പാളി... കുറച്ചായപ്പോൾ പുള്ളിടെ സ്റ്റോപ്പ്‌ വന്നു. ഭാഗ്യം... സതീശൻ അപ്പോൾ പറഞ്ഞു, അങ്ങേരെ കണ്ടപ്പോൾ തന്നെ തോന്നി കുരിശാവും എന്ന്. അതല്ലേ എന്റെ അടുത്തിരുന്നിട്ടും മിണ്ടാതെ ഇരുന്നത്. ആളുകളുടെ ശരീര ഭാഷയിലൂടെ മനസ്സറിയാം എന്ന പുസ്തകം വായിച്ച സമയം വേറെന്തൊക്കെ പണി ചെയ്ത് കാളയാമായിരുന്നു എന്നോർത്ത് പോയി. പിന്നെ രണ്ട് പേരുടെ ജോലിയിലും ധാരാളം ആളുകളുമായി ഇടപഴകൽ ഉള്ളതിനാൽ ഈ കാര്യത്തിൽ ഇവര് കേമന്മാരാണല്ലോ. പാമ്പൻപാലം എത്തിയപ്പോൾ ട്രെയിൻ വളരെ പതുക്കെ ആണ് പോയത്. 
നല്ലപോലെ ആസ്വദിച്ചു കാഴ്ചകൾ കാണാൻ പറ്റി. കുറെ ഫോട്ടോയും വിഡിയോയും എടുത്തു. പറഞ്ഞ സമയത്തു തന്നെ സ്റ്റേഷൻ എത്തി. ഇനി ഇത് ഇന്ത്യൻ റെയിൽവേ തന്നെ അല്ലെയിരിക്കുവോ? ആദ്യമായിട്ടാണ് ആ കാഴ്ച... റെയിൽവേ പാളം അവസാനിച്ചിരിക്കുന്നു. ഇനി ഈ ട്രെയിൻ തിരിച്ചു പോവുകയേ ഒള്ളു. ഇറങ്ങി നടന്നു. റെയിൽവേ സ്റ്റേഷൻ കഴിഞ്ഞാൽ പിന്നെ കാണുന്നത് ഒരു 50 വർഷം പഴക്കമുള്ള കാഴ്ചകൾ ആണ്. 
ഒരു ഓല മേഞ്ഞ മണ്ണ് വച്ചു മെഴുകിയ തറ ഉള്ള ഹോട്ടൽ ആണ് കണ്ടത്. എന്തായാലും അതുവരെ പിടിച്ചു വച്ച വിശപ്പിനു അവസാനം ആയി. അടുത്ത ലക്ഷ്യം ഒരു റൂം കണ്ടു പിടിക്കണം. അടുത്ത അരമണിക്കൂർ കൊണ്ട് സതീശൻ അത് കണ്ടെത്തി. അവിടെ മുട്ടിനു മുട്ടിനു ലോഡ്ജ് ഇണ്ടായിരുന്നു. Oyo യിൽ രജിസ്റ്റർ ചെയ്തിട്ടില്ല എന്ന് മാത്രം. മല പോലെ വന്നത് മഞ്ഞു പോലെ പോയി. 
  തുടരും.... 
Part 5:
http://thatlazymonk.blogspot.com/2020/04/5.html

Comments

Popular posts from this blog

സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും 3

സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും