സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും 6

 
 റൂമിൽ എത്തിയപ്പോൾ മുതൽ എങ്ങനെയെങ്കിലും ഫുഡ്‌ കഴിക്കണം എന്ന ചിന്തയായിരുന്നു. പക്ഷെ ക്ഷീണം കാരണം കിടന്നതറിയാതെ മയങ്ങാൻ തുടങ്ങി. എന്നാലും ഉറങ്ങിയില്ല... ഉറക്കിയില്ല. സംസാരങ്ങൾ പല വഴിയിൽ നീങ്ങി കൊണ്ടിരുന്നു. നാളെ രാവിലെ തന്നെ ധനുഷ്‌കോടി പോകുന്ന കാര്യങ്ങൾ ആണ് ചർച്ചയിൽ വന്നത്. രാവിലത്തെ സൂര്യോദയം കണ്ടു വേണം തുടങ്ങാൻ എന്ന ഒരു പ്ലാൻ വന്നു. കാരണം എല്ലാവരും ധനുഷ്‌കോടി പോയതിന്റെ ഫോട്ടോ ഇട്ടിരിക്കുന്നത് വൈകുന്നേരം എടുത്തത് മാത്രമാണ്... അപ്പോൾ നമ്മൾ നാളത്തെ സൂര്യോദയം ക്യാമറയിൽ ആക്കിയാൽ ഗൂഗിളിനും അപ്ഡേറ്റ് ആവും സംഗതി കളർ ആവും. സാധാരണ ആളുകൾ മിക്കവാറും രാമേശ്വരം ഒന്ന് കറങ്ങി വൈകുന്നേരം ധനുഷ്കോടിയും കണ്ടു തിരിച്ചു പോവലാണ് പതിവ്. പക്ഷെ ഞങ്ങൾ ധനുഷ്കോടിക്കു കൊടുത്ത വില ഞങ്ങടെ ഒരു ഫുൾ ഡേ ആയിരുന്നു. അവിടെ ഒരു ബീച് ഉണ്ടെന്നും ഒരു റോഡിന്റെ അവസാനം കാണാൻ കഴിയുമെന്നും ഫോട്ടോ കണ്ട് ഞാൻ മനസ്സിലാക്കി. അതിനപ്പുറം പ്രതീക്ഷകൾ ഇല്ലായിരുന്നു. എന്തായാലും നാളെ അറിയാം. ഇപ്പോൾ കുളിച്ചു ഫുഡ് കഴിക്കാൻ നോക്കാം. കട്ടിലിൽ നിന്ന് താഴെ ഇറങ്ങാൻ മടി ആയിരുന്നു. എങ്ങനെയോ പോയി കുളിച്ചു. വെള്ളത്തിനു തണുപ്പില്ലാത്തതു കൊണ്ട് കുളിച്ച ഒരു ഫീൽ മനസിന്‌ കിട്ടിയില്ല. വിശപ്പ് ഉള്ളത് കൊണ്ട് ഉറങ്ങാൻ പോയില്ല എന്ന് പറയാം. അത്ര മാത്രം ക്ഷീണം ഉണ്ടായിരുന്നു. ഇന്ന് രാത്രി ഭക്ഷണം മിതമാക്കാം എന്നായിരുന്നു പ്ലാൻ. സാധാരണ ട്രിപ്പിന് ചെലവ് പെട്രോൾ പൈസയും പിന്നെ കട്ടൻ അടിക്കാനുള്ള കാശുമാണ് വേണ്ടോള്ളൂ. എത്ര മല കേറിയലും നടന്നാലും ഒരു പ്രശ്നവും ഇല്ല. പക്ഷെ ഇതങ്ങനല്ല...അതുകൊണ്ട് ഫുഡിൽ ലാഭം നോക്കിയില്ല. പക്ഷെ അത് വരെ ഉള്ള ചെലവ് കണ്ടപ്പോൾ ഒന്ന് മയപ്പെടുത്താൻ ഒരു ശ്രമം. പിന്നെയും നടത്തം. മധുരയിലെ തെരുവുകളിൽ രാത്രി സഞ്ചാരവും ഒരു കാഴ്ചയായിരുന്നു എങ്കിൽ ഇവിടെ വല്യ കാര്യമായൊന്നും കാണാൻ ഇല്ലായിരുന്നു. കുറെ നടന്നു പല കടകളും മാർക്കിട്ടു പോയി. അവസാനം ഒരു കടയിൽ കയറി ബജ്ജി, വട ഐറ്റംസ് കഴിച്ചു. അപ്പോൾ എതിർവശം കണ്ട ഹോട്ടലിൽ കേറണം എന്നായി. അങ്ങനെ ഫുഡ് ന്റെ ബഡ്ജറ്റ് വെട്ടിക്കളഞ്ഞു. അത്യാവശ്യം നല്ല വൃത്തി ഉണ്ടെന്ന് പറയാം, പക്ഷെ അത് തമ്മിൽ ഭേദം തൊമ്മൻ എന്ന് പറയണ പോലെയാണ്. അവിടെ നിന്ന് എന്താ കഴിച്ചത് എന്ന് പോലും ഓർക്കണില്ല... അങ്ങനെ പറയുമ്പോൾ ഫുഡ് ന്റെ രുചിടെ കാര്യം പറയണ്ടല്ലോ. കുടിക്കാൻ ഇത്തിരി വെള്ളം ചോദിച്ച ഉണ്ണിക്കുട്ടനോട് പറയുവാ "ഇത് 5 star ഹോട്ടൽ തമ്പി, തണ്ണി കെടായത് ". ഏന്തി വലിഞ്ഞു കറങ്ങണ ഫാനും രണ്ടുവട്ടം പരിശോധിച്ചിട്ടു ഇരിക്കാൻ തോന്നുന്ന ചെയർ... ശെടാ ഇവിടെ ഒരു ഹോട്ടൽ ഇട്ടാൽ നാട്ടിൽ പറയാർന്നു 5star ഹോട്ടൽ മുതലാളി ആണെന്ന്... എന്തായാലും ബില്ല് കണ്ടപ്പോൾ star കണ്ടു... അല്ലെങ്കിൽ വായിക്കുന്ന നിങ്ങളും വിചാരിക്കില്ലേ അവര് കള്ളം പറഞ്ഞതാണ് എന്ന്. ഇറങ്ങി നടന്നു. റൂമിൽ എത്തുന്നതിനു മുൻപ് പുറത്തെ കടയിൽ നിന്ന് ഒരു കട്ടൻ ചായ കൂടെ കുടിച്ചു. ലോഡ്ജ് ന്റെ റിസപ്ഷൻ ഇൽ ഉള്ള അണ്ണനോട് ബസ് ന്റെ സമയം ചോദിച്ചു. ആദ്യത്തെ ബസ് 5.30 ന്  ആണെന്ന് പറഞ്ഞു. അലാറം സെറ്റ് ചെയ്തു കിടന്നു. ആ രാത്രി ഉറക്കം എന്തു ചെയ്തിട്ടും എന്നോട് കരുണ കാണിച്ചില്ല. നാളത്തെ യാത്രയെ  പറ്റി ഓർത്ത് ഉറക്കം കളയണ സാധാ സൈക്കോ പാത്തല്ല ഞാൻ... നടന്നു തളർന്നു കുളി കഴിഞ്ഞപ്പോൾ വന്ന ഉറക്കം എങ്ങോട്ട് പോയി എന്നോർത്തായിരുന്നു എന്റെ സമയം പോയത്. എങ്ങനെയെങ്കിലും ഉറങ്ങി വരുമ്പോൾ പിന്നേം എണീക്കും. ചൂടും ഒരു കാരണം ആണ്. രാവിലെ സമയത്തിന് എല്ലാവരും എഴുന്നേറ്റു കുളിക്കാൻ പോണത് കണ്ടപ്പോൾ തന്നെ തോന്നി എവിടെയോ എന്തോ തകരാറു വരാൻ പോകുന്നുണ്ടെന്നു. ഇവിടെവെട്ടോടു കൂടിയുള്ള മഴയായിരുന്നു വില്ലൻ. സൂര്യോദയം സ്വാഹാ... എനിക്ക് ക്ഷമ നശിച്ചു എന്തേലും ചെയ്യും എന്ന ഫീൽ ആയിരുന്നു ഉള്ളിൽ. മഴ മൊത്തം നനഞ്ഞു പോയാലും സൂര്യോദയം കാണാൻ മേഘങ്ങൾ സമ്മതിക്കില്ലല്ലോ. കുറച്ചു നേരം നടന്നു. പിന്നെ ഇരുന്നു... പയ്യെ കിടന്നു. അപ്പോൾ ദേ വരുന്നു ഇന്നലെ പോയ ഉറക്കം. എങ്കിലും ഉറങ്ങാൻ കഴിഞ്ഞില്ല. ഞാൻ പരീക്ഷക്ക്‌ പഠിക്കുന്നത് സാധാരണ എല്ലാരേയും പോലെ തലേന്ന് രാത്രിയും പിറ്റേന്ന് രാവിലെയും ആയിട്ടാണ്. രാവിലെ ഞാൻ എണീക്കാൻ രണ്ട് മിനിറ്റ് ഇടവിട്ട് ചറപറാ അലാറം വക്കും. ഇനി കേട്ടാലും എണീക്കാൻ പിന്നേം സമയം എടുക്കും. മധുരയിൽ നിന്നു രാമേശ്വരം പോവാൻ പോലും ഞാൻ സമയത്തിന് എഴുന്നേറ്റില്ല. പക്ഷെ ഈ പ്രഭാതത്തിനു വലിയ വില ആയിരുന്നു ഞങ്ങൾക്ക്... സൂര്യോദയവും അസ്തമയവും അത്രയ്ക്ക് ഇഷ്ടമായിരുന്നു. അവസാനം 7മണി ആയപ്പോൾ മഴ തളർന്നു പണി അവസാനിപ്പിച്ചു. സന്തോഷം... എല്ലാ ചുമടും എടുത്തു റൂമിൽ നിന്നിറങ്ങി. ഇനി ഈ ഭാരം വീട്ടിൽ ചെന്നാലേ ഉപേക്ഷിക്കാൻ പറ്റു. അന്ന് രാത്രി തന്നെ ഞങ്ങൾ നാട്ടിലേക്ക് വണ്ടി കേറാൻ ആയിരുന്നു പ്ലാൻ. പുറത്തിറങ്ങി ഞങ്ങൾ ബസ് സ്റ്റോപ്പ്‌ ലക്ഷ്യമാക്കി നടന്നു. ചെന്നെത്തിയപ്പോൾ തന്നെ ഒരു വണ്ടി വന്നു,  പക്ഷെ അതങ്ങോട്ടല്ലായിരുന്നു. അങ്ങനെ അവിടെ നിന്നപ്പോൾ ഒരു സെൽഫി പിടിച്ചു സതീശൻ,  ഉറക്കം തൂങ്ങി കിളി പോയ എന്റെ മോന്ത കണ്ടപ്പോൾ... പുല്ല്... സെൽഫി കണ്ടു പിടിച്ചവനെ ഇപ്പോൾ കിട്ടിയാലുണ്ടല്ലോ.... അവിടെ കുറച്ചു മാറി ഒരു കടയുടെ വരാന്തയിൽ ഒന്നുരണ്ടു പേര് ഇരിക്കുന്നുണ്ട്. നാടോടി വേഷം. അവിടെ ഉള്ളവർ അല്ല. സതീശന് എന്തോ ഒരു കൗതുകം തോന്നി ഒരാളുടെ അടുത്ത് പോയി എന്തൊക്കെയോ സംസാരിച്ചിട്ട് വന്നു. കുറച്ചു കഴിഞ്ഞു അവർ എണീറ്റു നടന്നു തുടങ്ങി. അയാൾ നടക്കുന്നത് രണ്ട് കൈകളിലും വോക്കിങ് സ്റ്റിക്ക് പിടിച്ചു ഒരേയൊരു കാലും കുത്തിയായിരുന്നു. സതീശൻ അപ്പോൾ പറഞ്ഞു അയാൾ നോർത്തിൽ നിന്ന് വരുന്നതാണെന്ന്. താടിയും മുടിയും വളർത്തിയ അയാൾക്ക്‌ ഒരു 40 ന് മുകളിൽ പ്രായം കാണും.അത്‌ കണ്ടപ്പോൾ ശെരിക്കും ഉറക്കക്ഷീണം പോയി. ഒരു 7.30 ആയപ്പോൾ ബസ് വന്നു.ഞങ്ങൾ ഡ്രൈവർ ഇരിക്കുന്നതിന് എതിർവശത്തായി രണ്ട് സീറ്റ്‌ പുറകിൽ ആയിരുന്നു. കാഴ്ചകൾ കണ്ട് ഇരിപ്പായി. കുറച്ചു ദൂരം ചെന്നപ്പോൾ സ്വദേശികൾ തന്നെ കുറച്ചു പേര് കുറെ സാധനകളുമായി കയറി. അവർ ധനുഷ്കോടിയിൽ വരുന്നവർക്ക് പലതരം ഭക്ഷണം വിക്കാൻ പോകുന്നതാണ്. അങ്ങനെ കുറെ ദൂരം കൂടെ കഴിഞ്ഞപ്പോൾ ബസ് ഇൽ നിസ്സാര ആളുകളെ ഉള്ളു. പയ്യെ കാഴ്ചകൾ മാറി വന്നു തുടങ്ങി. റോഡിന്റെ സൈഡിൽ കരിങ്കല്ല് കൊണ്ട് കയ്യാല പോലെ കെട്ടിയിട്ടുണ്ട്. അതിന് അപ്പുറം വീടോ പറമ്പോ ഒന്നും അല്ല... ഒരു കുറച്ചു സ്ഥലം വരെ പഞ്ചസാര പോലത്തെ വെളുവെളുത്ത മണൽ ആണ്. 
അതിനുമപ്പുറം നീലക്കടൽ ആണ്. ആകാശവും നീലമയം തന്നെ. ഇടക്ക് ഇരുണ്ട മേഘങ്ങൾ കാണാം. അതൊരു ഭംഗിയുള്ള കാഴ്ചയാണ്. യാതൊരു മാലിന്യങ്ങളോ മറ്റു അലങ്കോലങ്ങളോ ഇല്ലാത്ത സൂപ്പർ മണൽ ആണ്. ബസ് ഇൽ നിന്ന് ഇറങ്ങിയാലോ എന്ന് തോന്നിപ്പോവും. എന്നാൽ  തല്ക്കാലം ധനുഷ്‌കോടി എത്തുന്നത് വരെ ക്യാമെറക്കും ഫോണിനും പണി കൊടുക്കാം എന്നായി ഞങ്ങൾ. കുറച്ചു വീടുകൾ ചന്നം പിന്നം കാണാൻ കഴിഞ്ഞു. പക്ഷെ ഒത്തിരി അകലം ഉണ്ട് അവ തമ്മിൽ. കഴുതകളെ കണ്ടു വഴിയിൽ... ആടുകൾ... കുട്ടികൾ... വീടെല്ലാം ഓല മേഞ്ഞതാണ് ഭിത്തി പോലും ഓലകൾ തന്നെ. കരയിൽ ഇട്ടിരിക്കുന്ന ചെറിയ തോണികൾ ഇടയ്ക്കു കാണാമായിരുന്നു. അതിന്റെ ഇടക്ക് സതീശനും ഉണ്ണിയും ഡ്രൈവർ ആയിട്ട് കമ്പനി ആയി. ബസിൽ കുറച്ചു പേരെ ഉള്ളു, അതുകൊണ്ട് കണ്ടക്ടർ ഞങ്ങൾ ഇരിക്കുന്നതിന് മുൻപിൽ ഉള്ള അങ്ങേരുടെ സീറ്റിൽ വന്നു ഇരിപ്പായി. രണ്ട് പേരും ഒത്തിരി സംസാരിച്ചു. ഞങ്ങടെ യാത്ര പോയ വഴികൾ ഒക്കെ കേട്ടപ്പോൾ അവർക്ക് ഞങ്ങളോട് ഒരു ഇഷ്ട്ടം തോന്നിയപോലെ തോന്നി. ഉണ്ണീടെ വലിയ പാർട്ടി സ്പീക്കർ കണ്ടപ്പോൾ ഇതെന്താ സാധനം എന്ന് ചോദിച്ചു ഡ്രൈവർ അണ്ണൻ. സ്പീക്കർ ആണെന്ന് പറഞ്ഞു ഉണ്ണി നല്ല പഴയ മെലഡി തമിഴ് പാട്ടുകൾ വച്ചു. ഡ്രൈവർ അണ്ണന് സ്പീക്കർ വല്ലാതെ ഇഷ്ട്ടപ്പെട്ടു. മൂപ്പര് ഡ്രൈവിംഗ് നോക്കികൊണ്ട് തന്നെ സ്പീക്കർ കയ്യിലെടുത്തു നോക്കി കണ്ടു. അല്ലേലും മിക്കവാറും ഡ്രൈവർമാർ ഇങ്ങനൊരു സ്കിൽ ഉള്ളവരാണല്ലോ. അങ്ങേരു നൈസ് ആയിട്ട് സ്‌പീക്കറിന് ഒരു വില പറഞ്ഞു സാധനം മേടിക്കാൻ തന്നെ റെഡി ആയി. ഉണ്ണി ഫ്ലിപ്പ്കാർട്ടിൽ റേറ്റ് കുറയുന്നത് നോക്കി ഇരുന്ന് ചെറിയ വിലയ്ക്ക് വാങ്ങിയ സാധനം ആണ്. ഇനി അങ്ങനൊന്നും അല്ലേൽ പോലും ആഗ്രഹിച്ചു വാങ്ങിയ ഒരു സാധനവും അവൻ വിൽക്കില്ല. പകരം അണ്ണന് അത് എവിടെ നിന്ന് വാങ്ങാൻ പറ്റും എന്ന് പറഞ്ഞു കാണിച്ചു കൊടുത്തു. സംസാരിച്ചിരുന്നു ബസ് സ്ഥലത്തെത്തി. എല്ലാവരും ഇറങ്ങി കഴിഞ്ഞപ്പോൾ ഡ്രൈവർ അണ്ണനെയും കണ്ടക്ടർ മച്ചാനെയും നിർത്തി ഒരു ഫോട്ടോ എടുത്തു ഞങ്ങൾ പുറത്തേക്കിറങ്ങി. ധനുഷ്‌കോടി.... 
 തുടരും.... 
Part 7:
http://thatlazymonk.blogspot.com/2020/04/7.html

Comments

Popular posts from this blog

സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും 4

സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും 3

സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും