സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും 5

          
റൂമിൽ എത്തിയപ്പോൾ മുതൽ അടുത്ത സ്ഥലം ഏതാണ് എന്ന് തിരഞ്ഞു തുടങ്ങി. എന്നാൽ ഏതെങ്കിലും ഒരു ബീച്ചിൽ ഒരു കുളി പ്ലാൻ ചെയ്തിരുന്നു. ഉണ്ണിക്ക് ഫുൾ മുണ്ട് മാത്രം... അതുകൊണ്ട് ഞാനും അവനും കൂടെ പുറത്ത് പോയി ഒരു atm കണ്ടുപിടിച്ചു കുറച്ചു പൈസ എടുത്തു. പിന്നെ അവിടെ കണ്ട ഒരു തുണിക്കടയിൽ കയറി. ഒരു ഷോർട് വാങ്ങിച്ചു. മധുരയിൽ വില കൂടുതൽ ആണെന്ന് തോന്നി. ഇവിടെ ധാരാളം കലക്ഷനും ഉണ്ട്. അവിടനിന്നു റൂമിൽ എത്തി. ആദ്യം എവിടെ പോവണം... അതാണ് ചോദ്യം. രാമേശ്വരം ഒരു ദിവസം കൊണ്ട് തീരുന്നതല്ല... അപ്പോൾ ഉള്ളതിൽ കിടിലൻ സ്ഥലം തന്നെ നോക്കണോല്ലോ. ഗൂഗിളിന്റെ സ്റ്റാർ വാല്യൂ ഞങ്ങളുടെ കണ്ണിൽ പെടില്ല... പകരം ഫോട്ടോസ് പെടും. കിട്ടി.... രാമർ പാദം ടെംപിൾ. പേര് പോലെ തന്നെ ശ്രീരാമന്റെ പാദം പതിഞ്ഞ ശില വച്ച് ആരാധിക്കുന്ന അമ്പലം.  നോക്കിയപ്പോൾ നല്ല ദൂരം ഉണ്ട്. എന്റെ ഫോൺ കുറെ ചവറു സോഫ്റ്റ്‌വെയർ കൂടെ കൂട്ടിയാണ്  മേടിച്ചപ്പോൾ തന്നെ കിട്ടിയത്. അതിൽ സ്റ്റെപ് calculator ഉണ്ടായിരുന്നു. ഒരു ദിവസം നടന്ന ദൂരം റെക്കോർഡ് ചെയ്യും.കഴിഞ്ഞ ദിവസത്തെ  നോക്കിയപ്പോൾ 15.8 കിലോമീറ്റർ കാണിക്കുന്നുണ്ട്. മീനാക്ഷി ക്ഷേത്രത്തിൽ ഫോൺ കയറ്റിയിട്ടില്ല. അതും കൂടെ കൂട്ടിയാൽ... ഞാൻ തിരിച്ചു വീട്ടിൽ ചെല്ലുമ്പോൾ എന്നെ വീട്ടുകാര് തിരിച്ചറിയുവോ ആവോ... ഇതൊന്നും ശീലമില്ലല്ലോ. ഇനി അങ്ങോട്ട്‌ 5 കിലോമീറ്റർ നടക്കണം. ക്യാമറ, പവർ ബാങ്ക്,  ഫോൺ ഇത്രേം ഇടാൻ ഒരു സൈഡ് പാക്ക് ബാഗ് മാത്രമേ ചുമക്കാൻ ഉണ്ടായിരുന്നുള്ളു. ഫുൾ visuals ഒരു 2000 ആണ്ടിന് മുൻപുള്ള സെറ്റപ്പ് ആണ്. ബഹിരാകാശ ഗവേഷണത്തിൽ ഇന്ത്യയുടെ സ്ഥാനം വാനോളം ഉയർത്തിയ  പടനാകയാന്റെ നാടാണെന്ന് ഓർക്കണം. വഴി ഒക്കെ ഉണ്ടെന്ന് പറയാതെ വയ്യാട്ടോ. കുറച്ചു ചെന്നപ്പോൾ ഒരു ചെറിയ പെട്ടിക്കട കണ്ടു. പോകുംതോറും ഗ്രാമീണത കൂടി വരുന്നതിനാൽ വെള്ളവും അവിടെ കണ്ട ചില വറപൊരിയും മേടിച്ചു. വെയിൽ നല്ലപോലെ ഉണ്ട്. സതീശൻ ഒരു തൊപ്പി എടുത്തിരുന്നു. ഞാൻ ആയിരുന്നു ബാഗ് പിടിച്ചത്. അതെടുത്തു തലയ്ക്കു വട്ടം പിടിച്ചു. ഉണ്ണിക്ക് വെയിലിനെ ഇഷ്ട്ടാണെന്നു തോന്നിപ്പോയി. ആശാൻ കൂൾ ആയി നടന്നു പോവണ്ട്. ഗൂഗിൾ മാപ് നോക്കി തന്നെയാണ് നടപ്പ്. വഴിയിൽ കുറെ തീർത്ഥങ്ങൾ ഉണ്ട്. സുഗ്രീവ തീർത്ഥം, ജാംബവാൻ തീർത്ഥം.... അങ്ങനെ രാമായണത്തിലെ ഓരോ മെയിൻ കഥാപാത്രത്തിനും ഈ വഴിയിൽ തന്നെ തീർത്ഥം ഉണ്ടെന്ന് മനസ്സിലായി. ശ്ശേ... ഇതൊക്ക കണ്ട് രാമർ പാദം എത്തുമ്പോൾ late ആവും... ഞാൻ ചിന്തിച്ചു. ശെരി നമുക്ക് ഒന്ന് രണ്ടെണ്ണം കണ്ടിട്ട് ബാക്കി റിട്ടേൺ വരുമ്പോൾ കാണാം എന്നൊക്കെ മനസ്സിൽ പ്ലാൻ ഇട്ടു. ആദ്യം കണ്ടത് സുഗ്രീവ തീർത്ഥം ആയിരുന്നു. ഒരു ഇടത്തരം വലിപ്പം ഉള്ള ഒരു കുളം... അത്ര തന്നെ... 

 മതിൽ കെട്ടി തമിഴ് സ്റ്റൈലിൽ വെള്ളയും ചുവപ്പും പൂശിയിട്ടുണ്ട്. ഒരു ചെറിയ ഗേറ്റ് വച്ചിട്ടുണ്ട്. പൂട്ടില്ല... തുറന്നു കയറി. കുറച്ചു താഴത്തേക്കു പടവുകൾ ഉണ്ട്. താമര കുളം ആണ്. ക്യാമറ എടുത്തു കുറെ ഫോട്ടോ പിടിച്ചു. ഞാൻ ഫോണിലും എടുത്തു.

 മതിലിനു അകത്തു ഉള്ള വരിപ്പിൽ കൂടെ ഒരാൾക്ക് സുഖമായി നടക്കാം. അതായതു കുളത്തിനെ ചുറ്റി നടക്കാം. ഉണ്ണിയെ അപ്പുറത്തെ സൈഡിൽ ഞങ്ങൾക്ക് അഭിമുഖം ആക്കി ഇരുത്തി സതീശൻ ഒരു അടിപൊളി pic എടുത്തു. വെള്ളത്തിന്റെ ലെവലിൽ ക്യാമറ ചേർത്ത് പിടിച്ച് ഉയർന്നു നിൽക്കുന്ന വിരിഞ്ഞ താമരയുടെ ഇടയിൽ ഫോക്കസ് ചെയ്ത് വച്ചിരിക്കുന്ന ചിരിച്ച ഉണ്ണിക്കുട്ടൻ... അടിപൊളി... 

പിന്നെ ഞാനും പോയി ഇരുന്നു. ഒന്നിച്ചൊരു ഫോട്ടോ പിടിക്കാൻ ടൈമർ സെറ്റ് ചെയ്ത് സതീശന്റെ ഒരു വരവ് ഇപ്പോളും ഓർക്കുന്നുണ്ട്. അവിടെ നിന്ന് കുറച്ചു കൂടെ കഴിഞ്ഞപ്പോൾ ഞങ്ങൾ ഇറങ്ങി നടന്നു. ഇനി ഏതായാലും തീർത്ഥം കാണാൻ ആർക്കും മൂഡില്ല. കുറച്ചു ചെന്നപ്പോൾ ജാംബവാൻ തീർത്ഥം എന്ന് പറഞ്ഞു ബോർഡ്‌ വച്ചതിന്റ താഴെ ചുറ്റും മതിൽ കെട്ടുള്ള ഒരു കിണർ ആയിരുന്നു കണ്ടത്. 

പൊതുവെ നിരപ്പുള്ള റോഡ് ആയിരുന്നു പകുതി വരെ. എന്നാൽ പയ്യെ കയറ്റം വന്നു തുടങ്ങി. ഈ അമ്പലം ഒരു കുന്നിന്റെ മുകളിൽ ആണ്. അമ്പലത്തിന്റെ ഒരു സൈഡിൽ കടൽ കാഴ്ചകളും. അവസാനം കയറ്റം കഠിനമായി. എനിക്ക് കാലിനു നല്ല വേദന വന്നു തുടങ്ങിയിരുന്നു. പ്രശ്നം എന്താണെന്നു പിടി കിട്ടിയില്ല. എങ്ങനെയോ അമ്പലത്തിൽ എത്തി. പിന്നേം എട്ടു പത്തു പടി മുകളിൽ ആണ് അമ്പലം. ഒരു വലിയ മുറി. അതിനു മുകളിൽ വേറൊരു നിലയിൽ മറ്റൊരു മുറി. എന്നുവച്ചാൽ ഒരു രണ്ട് നില കെട്ടിടം  ആണ് അമ്പലം. താഴെ ആണ് കാൽ പാടുള്ള കല്ല്. ഞാനും ഉണ്ണിയും കാൽ പാദത്തിന്റെ പ്രിന്റ് കണ്ടു ഇറങ്ങി. സതീശൻ വന്നില്ല. അവന്റെ കണ്ണിൽ പുറത്തെ കാഴ്ചകൾ ആണ് കണ്ടത്. കയറി വന്ന വഴിയിൽ ഒരു ആൽമരം ഉണ്ട്. കടലിൽ നിന്ന് വരുന്ന കാറ്റിൽ സിനിമാറ്റിക് സ്റ്റൈൽ ഡാൻസ് കളിച്ചാണ് ഇലകൾ മൊത്തം നിന്നത്. ബാക്കി മൂന്ന് സൈഡിലും രാമേശ്വരം വിശാലമായി കാണാം.സ്വർണ നിറത്തിൽ ഒരു അമ്പലത്തിന്റെ പോലുള്ള ഒരു കെട്ടിടം അവിടെ നിന്ന് കാണാമായിരുന്നു. ആ ചിത്രം ഗൂഗിൾ ചെയ്തപ്പോൾ കണ്ടിരുന്നു. അവിടെയും പോവണം എന്ന് ഉറപ്പിച്ചു. ഒരു സൈഡിൽ കടൽ ഒരു ശാന്ത ഭാവത്തിൽ നിൽക്കുന്നുണ്ട്. അമ്പലത്തിന്റെ പുറത്ത് നിൽക്കുന്ന സതീശനെ തേടി ഉണ്ണി പോയി. രണ്ടിനെയും കാണാതെയായപ്പോൾ ഞാൻ രണ്ടാം നിലയിലേക്ക് കയറി. അവിടെ ചില നോർത്ത് ഗഡികൾ ഉണ്ടായിരുന്നു. പക്ഷെ അവരെ കണ്ടില്ല. യുപിയിൽ ഒക്കെ ശ്രീരാമന്റെ fans ആണല്ലോ. അതാണ് അവരൊക്കെ ഇവിടെയും വരുന്നതിന്റെ കാരണം. ഞാൻ താഴേക്ക് നോക്കിയപ്പോൾ രണ്ടും കൂടെ ഒരു pic എടുക്കാൻ വേണ്ടി ക്യാമറ അഡ്ജസ്റ്റ് ചെയ്യുന്ന കാഴ്ച്ചയാണ് കണ്ടത്.

 

ഞാൻ വിളിച്ചപ്പോൾ അവർ മുകളിലേക്ക് വന്നു. അവിടെ കുറച്ചു ആളുകൾ ഉണ്ടായിരുന്നു. ഞങ്ങൾക്ക് ആളൊഴിഞ്ഞ സ്ഥലങ്ങൾ ആണ് ഇഷ്ടം. അതുകൊണ്ട് കുറച്ചു സമയം നടത്തത്തിന്റെ ക്ഷീണം കൂടെ മാറ്റാൻ ഇരുന്നു. വെയിൽ കൂടി വരുന്നുണ്ട്. കുറച്ചു കഴിഞ്ഞ് ഏറെക്കുറെ എല്ലാവരും പോയപ്പോൾ പിന്നെയും കുറെ ഫോട്ടോസ് എടുത്തു. 

എന്തൊക്കെയോ സംസാരിച്ചു... ഓർമ വരുന്നില്ല... അല്ലെങ്കിലും ഈ കണ്ണിന് വർക്കിംഗ്‌ ലോഡ് വരുമ്പോൾ ബാക്കി 4 എണ്ണം വഴി വരുന്ന  ഡാറ്റാ തലയിൽ  സ്റ്റോർ ചെയ്യാൻ  പറ്റില്ലല്ലോ. മുകളിൽ പണിതിട്ടുള്ള മതിലിൽ ചാരി നിന്ന് നോക്കിയപ്പോൾ താഴെ എന്തോ കൊട്ട് കേട്ടു. സംഗതി ആരോ മരിച്ചതിനു സിനിമയിൽ കാണിക്കണ പോലെ ഉള്ള ചടങ്ങാണ്. ആരും തുള്ളുന്നുണ്ടായില്ല പക്ഷെ . ഡാ താഴെ പോയി അതൊന്നു കണ്ട് ഒരു വീഡിയോ ഒക്കെ പിടിച്ചാലോ എന്ന് തലയിൽ തോന്നിയതെങ്ങനെ തന്നെ അവരോടു ചോദിച്ചു. എടാ വെട്ടാവോളിയ അവര് വലിച്ചു കീറും നമ്മളെ... ആണോ എന്ന വേണ്ടാട്ടോ.. നമുക്ക് ഇവിടെയും നിന്ന് കാണാല്ലോ അല്ലേ... അല്ലങ്കിൽ മൂന്നു പേർക്കുള്ളതും കൂടെ അവര് നിന്ന് കൊട്ടേണ്ടി വരില്ലേ... അങ്ങനൊരൊന്നു ഓർത്തു ഞാൻ ചമ്മൽ അടക്കി. കുറച്ചു നേരം കൂടെ കഴിഞ്ഞപ്പോൾ പോവാം എന്ന് തീരുമാനിച്ചു താഴേക്കിറങ്ങി. താഴെ ആല്മരച്ചുവട്ടിൽ എന്തോ വിഗ്രഹം പോലെ വച്ച് തിരി കത്തിച്ചിട്ടുണ്ട്. അതുകൊണ്ട് കുത്തിയിരിക്കാൻ പറ്റൂല്ല. നേരെ ടൌൺ എത്തണം. അവസാനം ആയപ്പൊളേക്കും ഞാൻ നടത്തിനും ഇഴയിലിനും ഇടയിൽ ഉള്ള ഒരു ചലനത്തിൽ ആയിരുന്നു. ഒരു ഹോട്ടലിൽ കയറി... ഉണ്ണി ഒരു ഊണ് വാങ്ങി. ഞാനും സതീശനും ഒരു കോഴി ബിരിയാണി ആണ് വാങ്ങിയത്. നല്ല വിശപ്പായതു കൊണ്ടും പൈസ പോയത് കൊണ്ടും മുഴുവൻ കഴിച്ചു. അവിടെ അടുത്ത് തന്നെ ഒരു ഹനുമാന്റെ അമ്പലം ഉണ്ടായിരുന്നു. അവിടെ അഞ്ചു മുഖം ഉള്ള ഹനുമാൻ പ്രതിഷ്ഠയാണ് എന്ന് കേട്ടപ്പോൾ കണ്ടേക്കാം എന്നായി. ഒരു അര  കിലോമീറ്റർ അടുത്ത നടത്തം. അമ്പലത്തിന്റെ അടുത്ത് കണ്ട ഒരു പെട്ടിക്കടയിൽ കയറി ഒരു സര്ബത് കൊണ്ട്  നടത്തത്തിന്റെ ക്ഷീണം തീർത്തു.അപ്പോളാണ് ഉണ്ണീടെ ചോദ്യം. നിങ്ങൾ ചിക്കൻ കഴിച്ചിട്ട് ആണോ കേറണേ... ശ്ശേ... അത് ശരിയാണല്ലോ... എന്നാലും ഞാൻ കേറാൻ തീരുമാനിച്ചു. സതീശൻ ആദ്യം തന്നെ വന്നില്ലാ എന്ന് പറഞ്ഞു. അവൻ ബാഗ് പിടിച്ച് കടയുടെ മുന്നിൽ ഇട്ടിരുന്ന ബെഞ്ചിൽ ഇരിപ്പായി. ഞങ്ങൾ കേറി. ചെറിയ അമ്പലം ആണ്. ഒരു വലിയ ശില്പം... അത്രേ ഉള്ളു... അകത്തു കിടു ഫീൽ ആണ് എന്നാലും. തൊട്ടു ചേർന്ന് ഒരു മുറി ഉണ്ട് അവിടെ പഴയ ചില സാധനങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. മെയിൻ ഐറ്റം ശ്രീരാമൻ സീതയെ കിട്ടാൻ ലങ്കയിലേക്ക്  പാലം പണിയാൻ ഉപയോഗിച്ച കല്ലാണ്. ആ കല്ലിന്റെ  ഉള്ളിൽ ഒത്തിരി അറകൾ ഉണ്ട്. തേനീച്ച കൂടുപോലെ അതിൽ മൊത്തം വായു ഉണ്ടാവും. അതുകൊണ്ട് ഇത് വെള്ളത്തിൽ പൊങ്ങി കിടക്കും. ആ കല്ലിന്റെ കഥകൾ അവിടെ ഒരു കഷായം ഇട്ട സ്വാമി പറയുന്നുണ്ട്. കേൾക്കാൻ നിക്കണത് ഉത്തരേന്ത്യൻ രാമൻ ഫാൻസ്‌. 1500-2000 രൂപക്ക് 4-5 കിലോ ഭാരം ഉള്ള കല്ല് കിട്ടും. അതും അങ്ങ് നോർത്ത് വരെ ചുമക്കുകയും വേണം.  എന്താണെങ്കിലും ഒരുത്തന്റെ അറിവില്ലായ്മ മറ്റൊരുത്തന്റെ കഞ്ഞികുടിക്കു വകയുണ്ടാക്കുന്നുണ്ട്. അവിടെ നിന്നു വൈകാതെ പുറത്തിറങ്ങി. സതീശന്റെ അടുത്തെത്തി. ഇനി എങ്ങോട്ടാ... കാലിനു വേദന ഉള്ളത് കൊണ്ട് ഞാൻ റൂമിൽ പോയാലോ എന്ന് ചോദിച്ചു... സതീശൻ അപ്പോൾ തന്നെ ഐഡിയ തിരസ്കരിച്ചു. എന്നാൽ എങ്ങോട്ടാ പോവണ്ടേ എന്നായി ചിന്ത. നമുക്ക് ബീച്ചിൽ പോവാം എന്ന് ഉറപ്പിച്ചു. രാമേശ്വരം ബീച്ചിന് ക്ഷാമം ഇല്ലാത്ത സ്ഥലം ആണല്ലോ.പെട്ടന്ന് എത്താവുന്നത് നോക്കാതെ ലുക്ക് നോക്കി ഒരെണ്ണം ഉറപ്പിച്ചു. പക്ഷെ ദൂരം കുറെ ഉണ്ട്.ഒന്ന് രണ്ട് ബസ് നോക്കി. പക്ഷെ ആ വഴിക്കല്ലായിരുന്നു. ഓട്ടോക്കാര് കത്തി റേറ്റ് ആണ് ചോദിച്ചത്... ചൂഷണം... അതനുവദിക്കാൻ പാടില്ല... സതീശൻ അടുത്ത spot നോക്കി. അഗ്നി തീർത്ഥം... ഒരു ഒന്നര കിലോമീറ്റർ ആണ് ഉള്ളു. ഇനി ഒന്നും നോക്കണ്ട. അവിടെ എത്തുമ്പോളേക്കും ഒരു 4.30 ആവും. വെയിൽ പോയേണ്ടാവും. ഒരു കുളി ഒക്കെ പ്ലാൻ ചെയ്താണ് പോക്ക്. ഗൂഗിൾ മാപ് ഓണാക്കി ഞങ്ങൾ  പയ്യെ നടന്നു തുടങ്ങി...അധികം വീതി ഉള്ള റോഡ് അല്ല മൊത്തത്തിൽ അവിടെ, രണ്ട് സൈഡിലും കടകൾ ആണ്. കടക്കു മുൻപിൽ കൂടെ ആണ് ഓട കടന്ന് പോകുന്നത്. ചിലയിടത്തു സ്ലാബ് പൊളിച്ചിട്ടിട്ടുണ്ട്. 

അങ്ങനെ കുറച്ചു ചെന്നപ്പോൾ ഒന്ന് രണ്ട് അണ്ണന്മാർ അവിടെ സൈഡിൽ ഇരിക്കുന്നുണ്ട്. കണ്ടാൽ പേടിപ്പെടുത്തുന്ന ലുക്ക്‌ ആണ്. ഒരു ലോറി അവിടെ വന്നു. പഴയ മോഡൽ വണ്ടി ആണ്. അതിന്റെ പുറകിൽ എന്തോ ലോഡ് ചാക്കായി അടുക്കിയിട്ടുണ്ട്. മൊത്തം ഇല്ല, വണ്ടിയുടെ പകുതി മാത്രം. ബാക്കി ഭാഗത്തു കുറച്ചു ആളുകൾ നിൽക്കുന്നുണ്ട്. അവർ ചുമക്കാൻ  വേണ്ടിയാണ്. വണ്ടി നിർത്തി അവർ ലോഡ് ഇറക്കാൻ തുടങ്ങി. എന്നാൽ റോഡ് സൈഡിൽ ഇരുന്ന ഭീകരന്മാർ അവിടത്തെ ചുമട്ടു തൊഴിലാളികൾ ആയിരുന്നു. ഞങ്ങടെ പണി കളഞ്ഞു വണ്ടിയിൽ വന്ന ലോഡ് മുതലാളി മാരുടെ പണിക്കാരെ വച്ച് ഇറക്കുന്നത് അവർ നോക്കി ഇരിക്കില്ലലോ. പിന്നെ ഉള്ള കാഴ്ചകൾ സ്ലോ മോഷൻ ആണ്. രണ്ട് പേര് പതിയെ എഴുന്നേറ്റു. അതിൽ മുന്നിൽ നിക്കണ ആളെ കണ്ടാൽ നമ്മടെ കാലകേയനു ഒരു 30 വയസ്സുള്ള മകൻ ഉണ്ടെങ്കിൽ അത് പോലെ ഇരിക്കും. കട്ട താടിയും മുടിയും, ഒരു വലിയ മീശയും.... ആള് പതിഞ്ഞ സ്വരത്തിൽ അവരോട് "ഡേയ്... എന്നടാ "എന്ന് ചോദിച്ചു. ഞങ്ങളുടെ നടത്തം കുറച്ചു സ്പീഡിൽ ആകണം എന്ന് ഞാൻ ചിന്തിച്ചിരുന്നു എങ്കിലും എല്ലാരും ഒന്നിച്ചു പോവുമ്പോൾ ഒരാൾ മാത്രം ഓടുന്നത് ശരിയല്ലല്ലോ... അവിടെ പയ്യെ ബഹളം ആവുന്നത് കേൾക്കാമായിരുന്നു. തിരിഞ്ഞു നോക്കാൻ പോയില്ല. കുറച്ചു മുന്നിൽ ആയി രാമർ പാദം ടെംപിൾ ന്റെ മുകളിൽ നിന്നപ്പോൾ കണ്ട ആ സ്വർണ നിറത്തിൽ കണ്ട അമ്പലം കണ്ടു. 

രാമനാഥസ്വാമി ക്ഷേത്രം... അവിടെ കൂടെ കേറണം എന്നായി പ്ലാൻ. ബീച് മനസ്സിൽ ഉറപ്പിച്ചത് കൊണ്ടാവാം സതീശന് പെട്ടന്ന് കണ്ടിറങ്ങണം എന്ന പ്ലാൻ ആയിരുന്നു. നടന്നു നടന്നു അതിന്റെ കവാടത്തിൽ എത്തി. സത്യത്തിൽ അത് പുറത്തേക്കുള്ള വഴിയായിരുന്നു. "കൊഞ്ചം മുന്നാടി പൊങ്കോ..." അവിടെ ഇരുന്ന സെക്യൂരിറ്റി ചേട്ടൻ പറഞ്ഞു. അങ്ങനെ അമ്പലത്തിൽ കയറി. ഇതിന്റെയും മീനാക്ഷി അമ്പലത്തിന്റെയും പണി ഏതാണ്ട് ഒരുപോലെ തന്നെ ആണ്. കുറച്ചു അകത്തേക്ക് നടന്നപ്പോൾ വലതു സൈഡിൽ ആയി മെയിൻ കവാടം കണ്ടു. സതീശൻ പറഞ്ഞു ഞാൻ പുറത്ത് നിക്കാം. നിങ്ങൾ കണ്ടിട്ട് പോരെ എന്ന്.ഞാനും ഉണ്ണിയും അകത്തേക്ക് പോയി. കുറെ കൊത്തുപണികൾ കണ്ടു. മിക്കതും കല്ല് തന്നെ. കുറെ ഒക്കെ പുതുതായി പണിതതാണ്. പ്രതിഷ്ഠ ഇരിക്കുന്ന സ്ഥലത്തേക്ക് കടക്കാൻ ഒരു വലിയ വാതിൽ പടി ഉണ്ട്. ഉണ്ണി അവന്റെ ഷർട്ട്‌ അഴിച്ചു അകത്തേക്ക് കയറാൻ തയ്യാറായി. എന്നോട് കയറേണ്ട എന്ന് പറഞ്ഞു. കാരണം ഞാൻ ചിക്കൻ കഴിച്ചതായിരുന്നു. ആ അമ്പലത്തിന്റെ ചിട്ടവട്ടങ്ങൾ കണ്ടിട്ടാണ് അവനതു പറഞ്ഞത്. അതുകൊണ്ട് തന്നെ ഞാൻ കയറിയതുമില്ലാട്ടോ. അവൻ കയറി കുറെ ആയിട്ടും കാണാതായപ്പോൾ. വലതു ഭാഗത്തു കണ്ട ഒരു അറയിലേക്കു ഞാൻ കയറി. ആ സമയത്തു പൂജ ഇല്ലാത്ത എന്തോ പ്രതിഷ്ഠയാണ് അവിടെ. ശ്രീകോവിൽ എത്താൻ വേണ്ടി ക്യു നിർത്താൻ ഉള്ള സന്നാഹങ്ങൾ അവിടെ കാണാമായിരുന്നു. ചുറ്റി നടന്നു കാണുന്നതിനിടയിൽ ഉണ്ണി അതില്കൂടെ വരുന്നത് കണ്ടു. പിന്നെ ഞങ്ങൾ അതൊക്കെ കണ്ടു പുറത്തേക്കു വന്നു. അമ്പലത്തിൽ നല്ല തണുപ്പാണ്. പുറത്തിറങ്ങിയപ്പോൾ നല്ല ചൂടും. സതീശൻ ഞങ്ങളെ കാത്ത് അവിടെ നിൽക്കുന്നുണ്ട്. അവിടെ നിന്ന് കുറച്ചു കൂടെ പോയാൽ ബീച്ചിൽ എത്താം. കണ്ണ് തള്ളിക്കുന്ന കാഴ്ച ആയിരുന്നു അവിടെ. അവിടെ കടലിനു ചേർന്ന് വരുന്ന കര ഭാഗം തറ കെട്ടി പൊക്കിയെടുത്തിരിക്കുകയാണ്. താഴേക്കിറങ്ങാൻ പടവുകൾ. സത്യം പറഞ്ഞാൽ കുളത്തിൽ ഇറങ്ങണ ഫീൽ. പോരാഞ്ഞിട്ട് വെള്ളം നിറയെ വേസ്റ്റ് പോലെ എന്തൊക്കെയോ പൊങ്ങി കിടക്കുന്നു. വാഴയിലയും പൂജക്ക്‌ ഉപയോഗിക്കുന്ന കുറെ പൂക്കളും. എന്തായാലും ആരെങ്കിലും തള്ളി ഇട്ടാലല്ലാതെ ഇറങ്ങുന്ന പ്രശ്നമേ ഇല്ല എന്ന് തീരുമാനിച്ചു. അവിടെ കണ്ട പെട്ടിക്കടയിൽ പോയി സതീശൻ വേവിച്ച കടലയും ഉളിയും മസാലയും ഒക്കെ ഇട്ട ഒരു സാധനം വാങ്ങി. അതും കഴിച്ചുകൊണ്ടിരുന്നപ്പോൾ ബിജിലിന്റെയും വിനുവിന്റെയും വീഡിയോ കാൾ വന്നു. ചങ്ങായിമാരാണ്... കുറെ നാളുകൾ കൂടിയുള്ള വിളിയാണ്. ട്രിപ്പ്‌ ന്റെ കാര്യം അവരോട് പറയാത്തതിൽ പ്രശനം ഉണ്ടോ എന്നൊരു ശങ്ക തോന്നിയിരുന്നു. കുറച്ചു മുന്നോട്ട് നോക്കിയപ്പോൾ കടലിന്റെ സൈഡിൽ കൂടെ നടക്കാൻ ഉള്ള ഇന്റർ ലോക്കിങ് ബ്ലോക്ക്‌ വിരിച്ച ഒരു സെറ്റപ്പ് കണ്ടു.

 കൈവരിയും പണിതിട്ടുണ്ട് കമ്പികൾ വച്ച്. ഗൂഗിൾ ചെയ്തപ്പോൾ കുറച്ചു മുന്നോട്ട് പോയാൽ ഒരു ബീച് കൂടെ കാണിക്കുന്നുണ്ട്. അതിലേക്കുള്ള വഴിയാണെന്ന് മനസ്സിലായി. പക്ഷെ പണി പിന്നെയും പാളി ഒരു രണ്ട് കിലോമീറ്റർ നടന്നാൽ അവസാനിക്കുന്ന വഴിയാണത്. അറ്റത്തു ഒരു പാർക്കിന്റെ സ്റ്റൈലിൽ ഊഞ്ഞാലും സ്ലൈഡറും കാണാം. ഒരു ഒരുകിലോമീറ്റർ കഴിയുമ്പോൾ ബോട്ടിംഗ് ന് ഉള്ള സെറ്റപ്പ് ഉണ്ട്. ഏതോ മഹാപാപി ഗൂഗിളിൽ ആ പ്ലേസ് ഒരു ബീച് ആയിട്ടു ആഡ് ചെയ്തു. ഉണ്ണിക്ക് നടന്നു നന്നായി ക്ഷീണം വന്നിരുന്നു. അവൻ അവിടെ ഇട്ടിരുന്ന ബെഞ്ചിൽ ഇരിപ്പായി. ഞാനും സതീശനും കൂടെ പ്രതീക്ഷ കളയാതെ മുന്നോട്ട് പോയി. സംഗതി പോസ്റ്റ് ആണെന്ന് അറിഞ്ഞത് അങ്ങറ്റം വരെ ചെന്നിട്ടാണ്. കടലിൽ ബോട്ട് പോകുന്നത് ഒക്കെ നല്ല കാഴ്ചകൾ ആയിരുന്നു. പക്ഷെ ബീച്ചിലെ കുളി നടന്നില്ലല്ലോ... സതീശൻ അവിടെ നിന്ന് തിരിച്ചു നടന്നു. ഞാൻ നടന്നു കിളി പറന്ന് നിക്കുവായിരുന്നു. അവിടെ കണ്ട ഊഞ്ഞാലിൽ കയറി ഇരുന്നു. ക്ഷീണം പോയപ്പോൾ തിരിച്ചു നടന്നു. പാതി വഴിയിൽ ഇരുപ്പുറപ്പിച്ചു ഫോൺ വിളിയിൽ ഇരിക്കുവായിരുന്നു ഉണ്ണിക്കുട്ടൻ. ഞാനും അവന്റെ അടുത്ത് ചെന്നിരുന്നു. സതീശൻ എവിടെ എന്ന് ചോദിച്ചപ്പോളാണ് അറിഞ്ഞത് അവൻ നൈറ്റ്‌ പോയിരിക്കാൻ ഉള്ള സ്ഥലം തപ്പി പോയെന്ന്. ഇവന്റെ കാലിനു സ്റ്റെപ്പിനി വല്ലതും ഉണ്ടൊന്നുവരെ ഞാൻ സംശയിച്ചു പോയി. ഉണ്ണീടെ ഫോൺ വിളി തീർന്നപ്പോൾ ഞങ്ങൾ പിന്നെയും പല കാര്യങ്ങളെ കുറിച്ചും സംസാരിച്ചു തുടങ്ങി. പയ്യെ ആകാശത്തിന്റ നിറം മാറിത്തുടങ്ങി. സൂര്യൻ അസ്തമിക്കാറായി.അതിന്റെയും കുറെ ഫോട്ടോ പിടിച്ച് ഇരിക്കുമ്പോൾ സതീശന്റെ വിളി വന്നു. അവൻ ഇപ്പോൾ അഗ്നി തീർത്തത്തിന്റെ അടുത്തുണ്ട്. ഞങ്ങൾ തിരിച്ചു നടന്നു റൂമിലേക്ക്‌. ആകാശത്തിനു ഒരു നീല നിറം കാണാമായിരുന്നു. 

അതിന്റെ ബാക്ക്ഗ്രൗണ്ടിൽ രാമനാഥസ്വാമി ക്ഷേത്രത്തിന്റെ ചില ഫോട്ടോസ് ഞങ്ങൾ എടുത്തു. മധുരയിൽ വച്ച് സതീശൻ പറഞ്ഞു തന്ന ചില കാര്യങ്ങൾ എനിക്ക് വർക്ക്‌ ഔട്ട്‌ ആയി തുടങ്ങി എന്ന് ചില ഫോട്ടോസ് കണ്ടപ്പോൾ തോന്നി. ഏഴുമണി ആയപ്പൊളേക്കും എങ്ങനെയോ നടന്നു റൂമെത്തി എന്ന് പറയാം.
തുടരും... 

Part 6:

http://thatlazymonk.blogspot.com/2020/04/6.html













Comments

Popular posts from this blog

സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും 4

സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും 3

സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും