സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും 2

ഉണ്ണിക്കുട്ടനും ഞാനും മധുര മീനാക്ഷി ക്ഷേത്രത്തിലേക്കുള്ള ബസിൽ കേറി ഇരിപ്പായി. നാളുകൾ കൂടി നേരിട്ട് കണ്ടതിന്റെ സന്തോഷത്തിൽ കുറെ വിശേഷങ്ങൾ പറഞ്ഞു. സ്റ്റോപ്പ്‌ എത്തിയപ്പോൾ കണ്ടക്ടർ വിളിച്ചു. ക്ഷേത്രത്തിനു നല്ല ഉയരം ഉള്ളതുകൊണ്ട് ഒരുപാട് വഴി ചോദിക്കേണ്ടി വന്നില്ല. ഇടുങ്ങിയ റോഡ് ആണ്. രണ്ടു വശത്തും വീടുകളും മറ്റു കെട്ടിടങ്ങളും. ചിലയിടത്തു കോലം... ചിലയിടത്തു ദുർഗന്ധം... കൊച്ചിയിൽ കിടക്കണ എന്നോടോ ബാലാ എന്ന് ഓർത്തു മുന്നോട്ടു പോയി. അമ്പലത്തിലേക്ക് കടക്കാൻ  4 ദിക്കിൽ നിന്നും ഗേറ്റ് ഉണ്ട്. സതീശനെ ഇനിയും കാണാത്തതിനാൽ ഞങ്ങൾ ചുറ്റുമതിലിന്റെ ഒരു സൈഡിൽ ഇരിപ്പായി. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ സതീശന്റെ കാൾ വന്നു. അവൻ നടന്നു വരുന്നത് ഞങ്ങൾ കണ്ടു.  ഏകദേശം 10കിലോ ചുമന്നു വന്ന സതീശൻ രാത്രി ഉറങ്ങിയിട്ടേ ഇല്ല എന്ന് കണ്ടാലേ അറിയാം. സത്യത്തിൽ ഞങ്ങൾ ആരും ഉറങ്ങിയിട്ടില്ല. എപ്പോളോ കുറച്ചു മയങ്ങി എന്ന് വേണേൽ പറയാം.  സതീശന് ട്രെയിനിൽ വച്ചു കുറച്ചു മധുര സ്വദേശികളെ സുഹൃത്തുക്കളായി കിട്ടി. അതുകൊണ്ട് തന്നെ ഇവിടത്തെ കാര്യങ്ങളെ കുറിച്ച് ഒരു ഐഡിയ കിട്ടിയിരുന്നു. ശെരിക്കും ഞങ്ങളുടെ പ്ലാൻ ഫസ്റ്റ് place ആയ മധുര എത്തുക എന്നത് മാത്രമാണ്. അതിനു നല്ലപോലെ അന്വേഷണം നടത്തി. അവിടെനിന്നുള്ള പോക്ക് വഴിക്കെ വച്ചു നോക്കാം എന്ന ലൈൻ ആണ് പതിവ്. ഇവിടെയും അങ്ങനെ തന്നെ. അമ്പലത്തിനു ചുറ്റും റോഡ് ഉണ്ട്. ഞങ്ങൾ നിന്നിരുന്നതിന്റെ എതിർവശത്തു കണ്ട ലോഡ്ജിൽ  തന്നെ റൂം എടുത്തു. എല്ലാരും ഫ്രഷ് ആയി ഡ്രെസ് ഒക്കെ മാറ്റി. അവരുടെ കയ്യിൽ മുണ്ട് ഉണ്ടായിരുന്നു. ട്രാക്ക് സ്യൂട്ട് ഇട്ടാണ് ഞാൻ പോയത്... അപ്പോളാണ് മറ്റൊരു കാര്യം മനസ്സിലായത്. ആകെ രണ്ട് ജോഡി ഡ്രെസ്സ് ആണ് എടുത്തിട്ടൊള്ളു... പിന്നെ ജാക്കറ്റ്... അത് നൈറ്റ്‌ ട്രാവൽ ചെയ്യുമ്പോൾ മാത്രമേ പറ്റു. മൊത്തം ചൂടാണല്ലോ അവിടെ. അപ്പോൾ ചെരുപ്പിന്റെ കൂടെ ഒരു ടീഷർട് കൂടെ വാങ്ങണം. നേരെ ഒരു ഹോട്ടലിൽ കയറി അടിപൊളി ദോശയും വടയും കഴിച്ചു. നേരെ അമ്പലത്തിൽ കേറാനുള്ള പാസ്സ് എടുത്തു. ചെരുപ്പ്, ബാഗ്, ക്യാമറ, പേഴ്സ്... എന്നുവേണ്ട കയ്യിൽ കെട്ടിയ ചരട് ഹെഡ് സെറ്റിന്റെ  വയറാണെന്നു വരെ പറഞ്ഞു ഊരി വയ്പ്പിക്കാൻ ഒരു ടീം അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ 3 ഫോൺ കൂടാതെ സതീശൻ കൊണ്ടുവന്ന നിക്കോൺ ന്റെ അടിപൊളി ക്യാമറയും ഉണ്ണി കൊണ്ടുവന്ന ഗിമ്പലും അവിടെ കൊടുക്കേണ്ടി വന്നു. ഗിമ്പൽ നമ്മടെ ഫോൺ വച്ചു shake ഇല്ലാതെ വീഡിയോ എടുക്കാൻ ഉപയോഗിക്കുന്ന gadget ആണ്. അകത്തേക്കു കേറിയത്‌ മുതൽ കണ്ട കാഴ്ചകൾ എഴുതി വിവരിക്കാൻ പറ്റുന്നതല്ല. പണിതിരിക്കുന്നത് മൊത്തം കരിങ്കല്ലിൽ ആണെന്ന് പറയാം. ഒരു മൂന്നാൾ പൊക്കം ഉണ്ട് റൂഫ് ന്. ആ ഉയരത്തിൽ തൂണും. ആ തൂണ് ഒറ്റ കല്ലിൽ ആണ് പണിതിരിക്കുന്നത്. അതിൽ ചെയ്തിരിക്കുന്ന കൊത്തുപണിയും കല്ലിന്റെ ഫിനിഷിങ്ങും  കാണേണ്ട കാഴ്ചയാണ്. അങ്ങനെ എത്ര തൂണുകൾ അവിടെ ഉണ്ടെന്നു എണ്ണാൻ കുറച്ചു സമയം വേണം. വച്ചിരിക്കുന്ന എല്ലാ കല്ലുകളിലും എന്തെങ്കിലും ഒക്കെ കൊത്തിവച്ചിട്ടുണ്ട്. ഞങ്ങൾ കുറച്ചു നേരത്തേക്ക് നിശബ്ദരായി. അത്രയ്ക്ക് കാഴ്ചകൾ ഉണ്ടായിരുന്നു. ചില സ്ഥലങ്ങളിലേക്ക് കടക്കുന്ന സ്ഥലത്ത് അഹിന്ദുക്കൾക്കു പ്രവേശനം ഇല്ല എന്ന ബോർഡ്‌ ഉണ്ടായിരുന്നു. വരുന്നവരുടെ മതം നോക്കാൻ ഇവിടെ ആരുണ്ട് എന്ന് ഓർത്തു ഉള്ളിൽ ചിരിച്ചുപോയി. കട്ട സഖാവായ സതീശൻ ബോർഡ്‌ കണ്ട് കലിപ്പിലാണോ എന്ന് ഇടക്ക് ഞാൻ നോക്കി. അവൻ കാഴ്ചകൾ കണ്ട് നടപ്പാണ്. അല്ലേലും ഈ ബോർഡ്‌ വച്ചവന്റെ തലയിൽ എന്താണെന്നു അവൻ പണ്ടേ ഊഹിച്ചു മനസിലാക്കിയിട്ടുണ്ടാവും. പുറത്ത് നല്ല വെയിൽ ആണെങ്കിലും അമ്പലത്തിൽ നല്ല തണുപ്പ് തന്നെയാണ്. കുറെ നടന്നു കാണാൻ ഉണ്ടായിരുന്നു. ഒരിടത്തു റൂഫിൽ കുറെ 3d പെയിന്റിംഗ് കണ്ടിരുന്നു. ഏത് സൈഡിൽ നിന്ന് നോക്കിയാലും നമ്മളെ ഫേസ് ചെയ്തു നിക്കുന്ന ശിവലിംഗം ഒരു സ്വാമി ഞങ്ങൾക്ക് കാണിച്ചു തന്നു. 2009 ഇൽ പുനർനിർമ്മാണം നടത്തിയപ്പോൾ നമ്മടെ കേരളത്തിലെ ചേട്ടന്മാർ വന്ന് പ്രത്യേകതരം മരങ്ങളുടെ കായ അരച്ചുണ്ടാക്കിയ നിറക്കൂട്ടിൽ തയ്യാറാക്കിയതാണ് ഇതെന്ന് ആള് പറഞ്ഞപ്പോൾ ഒരു ചെറു പുഞ്ചിരി വന്നു. കുറെ നടന്നു ഒരു പരുവം ആയപ്പോൾ മനസ്സിലായി കഴിച്ചതൊക്കെ കത്തിപോയെന്ന്. കുറച്ചു മാറി 4 തൂണുകൾ താങ്ങി നിർത്തിയിരിക്കുന്ന കല്ലിൽ തീർത്ത ഒരു നിർമ്മിതി കണ്ടു.ഒരു ഗ്രൗണ്ടിന്റെ നടുക്ക് ഒരു ഷെഡ് പോലെ. അമ്പലത്തിന്റെ പുറത്തുള്ള എന്നാൽ ചുറ്റുമതിലിന്റെ അകത്തുള്ള സ്ഥലം. ഞങ്ങൾ അവിടെ പോയി ഇരുന്നു. അടുത്തുള്ള സ്റ്റാളിൽ നിന്ന് കുറച്ചു ലഡ്ഡു, പിന്നെ മധുരം ഉള്ള ചില പലഹാരങ്ങളും വാങ്ങി. അവിടെ ഇരുന്നു കഴിച്ചു. കട്ടക്ക് മധുരം ചെന്നപ്പോൾ എല്ലാം കിറുങ്ങി. വെള്ളം ആണ് അടുത്ത ലക്ഷ്യം. ഇരിക്കുന്നതിന്റെ പുറകിൽ ഒരു ബോർഡ്‌ കണ്ടു... 1000 കൽത്തൂണുകൾ ഉള്ള മണ്ഡപം. ആഹാ എന്നാൽ ആ തൂണിന്റെ എണ്ണം എടുത്തേക്കാം എന്ന് കരുതി അവിടെ പാസ്സ് എടുത്ത് കേറി. അമ്പലത്തിൽ കേറാൻ ഒരു പാസ്സ്. അതിന്റ അകത്തുള്ള വേറെരു ഏരിയ കാണാൻ പിന്നേം പാസ്സ്... ചെന്നപ്പോൾ ആദ്യം കണ്ടത് വെള്ളം കുടിക്കാൻ വച്ചിരിക്കുന്നതാണ്. വയറുനിറച്ചു കുടിച്ചു. രണ്ട് തൂണുകൾ തമ്മിൽ ഒരു 5-6 അടി ദൂരം ഉണ്ട്. എണ്ണം എടുക്കണം എന്ന ആഗ്രഹം ഒടുങ്ങി. ഒരു ശ്രീകോവിൽ ഉണ്ട്. അതിൽ മുരുകൻ ആണെന്ന് തോന്നുന്നു... അതിന്റെ ഒരു സൈഡിൽ ഇരുന്നു സതീശനും ഉണ്ണിയും പഴയ ഓരോ കാര്യങ്ങൾ പറഞ്ഞു ചിരിയും കളിയുമായി. സത്യത്തിൽ ഞങ്ങൾ 3 പേരും മൂന്നു സാഹച്യങ്ങൾ  കൊണ്ടാണ് യാത്ര പോവാം എന്ന തീരുമാനം എടുത്തത് എങ്കിലും യാത്രയുടെ ഉദ്ദേശം ഒന്നാണെന്നു അപ്പോൾ മനസ്സിലായി. തിരിച്ചു ചെല്ലാൻ കഴിയില്ലാത്ത പഴയ കാലങ്ങളിലേക്കു ചിന്തകളെ പറഞ്ഞുവിട്ട് കുറച്ചു സമയം കടന്നുപോയി. പിന്നെ അവിടെ നിന്ന് ഇറങ്ങാൻ നേരത്ത് മധുരയുടെ അടുത്തുള്ള ചില പ്രസിദ്ധ സ്ഥലങ്ങളുടെ വിവരണം ഫോട്ടോ സഹിതം കണ്ടു. പേരൊക്കെ നോക്കി വച്ചു വീണ്ടും കുറെ വെള്ളം കുടിച്ചു. ഇവിടെ അന്നദാനം ഉണ്ടെന്നു ഉണ്ണിയും സതീശനും പറയുന്നുണ്ട്. കിട്ടിയാൽ കലക്കിയല്ലോ. സംഗതി സത്യമായിരുന്നു. ഉച്ചത്തെ ഊണ് അങ്ങനെ നടന്നു. ഫോണിലെ ഗൂഗിൾ ദേവി പ്രസാദിക്കാതെ ഇനി എങ്ങോട്ട് പോവണം എന്ന് പിടിയില്ല. പുറത്ത് കടന്ന് ഫോണും സാധനങ്ങളും എടുത്ത് ഞങ്ങൾ അമ്പലത്തിനു ചുറ്റും നടപ്പായി. കുറച്ചു ഫോട്ടോസ് എടുത്തു അമ്പലത്തിന്റെയും ഞങ്ങടെയും. അകത്തു കണ്ടതൊക്കെ മനസ്സിൽ ആണ്, മറന്നുപോവല്ലേ....ഫോട്ടോസ് എടുക്കുമ്പോൾ നോക്കേണ്ട ചില ടിപ്സ് സതീശൻ എനിക്ക് പറഞ്ഞു തന്നു. നട്ടുച്ചക്ക് ഒരു മരത്തണലിൽ ഇരുന്ന് ഞങ്ങൾ ഗൂഗിൾ നോക്കി അടുത്ത സ്ഥലം കണ്ടുപിടിച്ചു...തിരുമലൈ നായ്ക്കർ മഹൽ. പേരുപോലെ ഇതൊരു മുഗൾ വംശജരുടെ ആർക്കിടെക്ചർ ആണ്. അവിടെ വരെ പോവാൻ 4 കിലോമീറ്റർ പോവണം. അമ്പലത്തിൽ തന്നെ ഒരു 3 കിലോമീറ്റർ നടത്തം കഴിഞ്ഞിരുന്നു. മാപ് ഓൺ ആക്കി നടന്നു. നല്ലപോലെ വെയിൽ കൊണ്ടാണ് പോക്ക്. വഴിയിൽ രണ്ട് സൈഡിലും ചെറിയ പെട്ടിക്കടകൾ പോലെ തെരുവോര കച്ചവടം തകർക്കുന്നുണ്ട്.തുണിക്കടകൾ, handicraft, പലതരം കളിപ്പാട്ടങ്ങൾ, പാവകൾ അങ്ങനെ മൊത്തം നിറക്കൂട്ടുള്ള കാഴ്ചകൾ. വഴിയിൽ നിറയെ ആളുകൾ ആണ്. അവർ വഴി കൊടുത്തിട്ടു കടന്ന് പോവാൻ കാത്തുനിൽക്കുന്ന വണ്ടിക്കാരും... 
തുടരും...  
Part 3:
http://thatlazymonk.blogspot.com/2020/04/3.html

Comments

Popular posts from this blog

സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും 4

സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും 3

സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും